എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി


22, May, 2026
Updated on 22, May, 2026 2



കൊച്ചി : എബോള വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.


ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവടങ്ങളിൽ എബോള വൈറസ് രോഗം അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ പടരുന്ന എബോളയുടെ വകഭേദം അതീവ അപകടകാരിയാണെന്നും ഇതിനെതിരെയുള്ള ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ മാസങ്ങൾ എടുത്തേക്കുമെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.




Feedback and suggestions