സ്‌കൂള്‍ പ്രവേശനോല്‍സവം മുഖ്യമന്ത്രി വിഡി സതീഷൻ ഉദ്ഘാടനം ചെയ്തു


1, June, 2026
Updated on 1, June, 2026 3


തിരുവനന്തപുരം: പുതു തലമുറയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ലോകോത്തര നിലവാ രമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും കേരളത്തില്‍ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാഠം ഒന്ന് പുതുയുഗ വിദ്യാലയം – സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹി ക്കുകയായിരുന്നു മുഖ്യമന്ത്രി.


ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല ഓര്‍മകള്‍ പങ്കുവെച്ച മുഖ്യമന്ത്രി, മഴ നനഞ്ഞ് നടന്ന് സ്‌കൂളില്‍ പോയിരുന്ന കാലം ഓര്‍ത്തെടുത്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കള്‍ വലിയ സ്വപ്നങ്ങളാണ് കാണുന്നത്. കേരളത്തിലെ അമ്മമാര്‍ വിദ്യാഭ്യാസ പുരോഗതിക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്. അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ സൗഹൃദപരമായ ബന്ധം വളര്‍ത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകള്‍ പരസ്പരം പങ്കുവെച്ച് അവയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ കുട്ടിയുടെയും താല്‍പര്യങ്ങളും കഴിവുകളും ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത ഉത്തരവാദിത്തമാണ്.


ലണ്ടനിലെ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം മുഖ്യമന്ത്രി പങ്കുവെച്ചു. ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകള്‍ കണ്ടെത്തി വളര്‍ത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ദൗത്യമാണ്. വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ നിമിഷവും പുതിയ അറിവുകള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അന്വേഷണാത്മക മനോഭാവം വളര്‍ത്തിയെടുക്കണം. നിര്‍മിത ബുദ്ധിയുടെ യുഗത്തില്‍ അറിവ് സമ്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിന്റെ അടിത്തറ. കേരളത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സര്‍വകലാശാലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതും അഭിമാനകരമാണ്. ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തില്‍ വളര്‍ത്തുന്നതിനായി ‘സെന്റേഴ്‌സ് ഓഫ് സയന്റിഫിക് ടെംപര്‍’ ആരംഭിക്കും. കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപം. നാടിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.


മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. എല്ലാ വിദ്യാര്‍ഥികള്‍ക്കും നന്മ നിറഞ്ഞ അധ്യയന വര്‍ഷം ആശംസിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ അധ്യയന വര്‍ഷത്തിലെ അക്കാദമിക് കലണ്ടര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.


പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ മുഖ്യാതിഥിയായി. മേയര്‍ വി. വി. രാജേഷ് വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയന്‍, വാര്‍ഡ് കൗണ്‍സിലര്‍ രേഷ്മ പി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.


പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്റടര്‍ ആസിഫ് കെ യൂസഫ് നന്ദിയും അറിയിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളോടെയാണ് പ്രവേശനോല്‍സവത്തിന് തുടക്കമായത്. ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ക്ലാസിലെത്തി മധുരം നല്‍കിയതും ചടങ്ങിനെ ശ്രദ്ധേയമാക്കി.




Feedback and suggestions