10, June, 2026
Updated on 10, June, 2026 91
ശ്രീനഗർ : സൈനിക ക്യാമ്പിലുണ്ടായ അപ്രതീക്ഷിത ഗ്രനേഡ് സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിലെ സൈനിക ക്യാമ്പിലാണ് അപ്രതീക്ഷിതമായി ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാരെയും ഉടനടി ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലുള്ള സൈന്യത്തിന്റെ 92 ബേസ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കരസേന സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കമൽക്കോട്ട് സൈനിക ക്യാമ്പിൽ വെച്ചാണ് സംഭവം നടന്നത്. ക്യാമ്പിലെ ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി ആയുധങ്ങൾ പരസ്പരം കൈമാറുന്നതിനിടെ ഒരു ഹാൻഡ് ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മഹാരാഷ്ട്ര സ്വദേശികളായ അർജുൻ ജാദവ്, വിക്രം ബാലകൃഷ്ണ എന്നിവരാണ് വീരമൃത്യു വരിച്ച ജവാന്മാർ. ഇരുവരും ഇന്ത്യൻ സൈന്യത്തിന്റെ 8 രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിലെ സൈനികരാണ്. സ്ഫോടനം നടന്ന ഉടൻ തന്നെ ക്യാമ്പിലും പരിസര പ്രദേശങ്ങളിലും ഉന്നത സൈനിക ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരങ്ങൾ ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ മഹാരാഷ്ട്രയിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.