18, June, 2026
Updated on 18, June, 2026 7
സംസ്ഥാനത്തെ നടുക്കിയ അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ അഞ്ചിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നൽ റെയ്ഡ് നടത്തുന്നു. കൊച്ചിയിലെ പ്രമുഖ ആശുപത്രികളായ രാജഗിരി, മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ, ലേക്‌ഷോർ എന്നിവടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്നത്. ഈ കേസിലെ പ്രധാന പ്രതിയായ നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും ഈ ആശുപത്രികളെയും ലക്ഷ്യമിട്ടാണ് നിലവിലെ അന്വേഷണം. റെയ്ഡ് പുരോഗമിക്കുന്ന കൊച്ചിയിലെ പ്രമുഖ ആശുപത്രികളിൽ നിന്ന് പ്രതിയായ നജീബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നിട്ടുണ്ടെന്ന നിർണ്ണായക കണ്ടെത്തലിനെ തുടർന്നാണ് ഇഡി നടപടി.
കേസിലെ മുഖ്യസൂത്രധാരനായ നജീബിനെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി നിയമവിരുദ്ധമായി അവയവക്കച്ചവടം നടത്തിവരികയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് ഇവർ ചതിയിൽപ്പെടുത്തിയത്.
അവയവദാനത്തട്ടിപ്പിന് പിന്നിൽ വളരെ ആസൂത്രിതമായി പ്രവർത്തിക്കുന്ന ഒരു വൻ മാഫിയ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാരെ കണ്ടെത്തി അവയവം നൽകാൻ പ്രേരിപ്പിക്കുകയും അവർക്ക് വളരെ കുറഞ്ഞ തുക നൽകുകയും ചെയ്യുന്നു. ഇങ്ങനെ കൈക്കലാക്കുന്ന അവയവങ്ങൾ വൻ തുക ഈടാക്കിയാണ് ആവശ്യക്കാർക്ക് മറിച്ചുവിൽക്കുന്നത്. നിയമപരമായ തടസ്സങ്ങൾ മറികടക്കാൻ എംഎൽഎ, എംപി, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം പേരിൽ സംഘം വ്യാജരേഖകൾ ചമച്ചിരുന്നു.
കേരളത്തിന് പുറത്തും ഈ മാഫിയാ റാക്കറ്റിന് ശക്തമായ ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിലേറെയായി വ്യാജ രേഖകൾ നിർമ്മിച്ച് തടസ്സങ്ങളൊന്നുമില്ലാതെ ഇവർ അവയവക്കച്ചവടം നടത്തിവരികയായിരുന്നു. ഇഡി കൂടി രംഗത്തിറങ്ങിയതോടെ കൊച്ചിയിലെ വൻകിട ആശുപത്രി മാനേജ്‌മെന്റുകളും കടുത്ത നിഴലിലാണ്.