വാട്സ്ആപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട് ; വ്യക്തിത്വം മറച്ചുവെച്ച് തട്ടിപ്പുകൾ കൂടുമെന്ന് ആശങ്ക


1, July, 2026
Updated on 1, July, 2026 42


ന്യൂഡൽഹി : ഫോൺ നമ്പറുകൾ പരസ്യമാക്കാതെ വാട്സ്ആപ്പ് ഉപയോഗിക്കാൻ സഹായിക്കുന്ന പുതിയ 'യൂസർനെയിം' ഫീച്ചർ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിൽ. സുരക്ഷാ ഏജൻസികളുടെയും കേന്ദ്ര ഐടി മന്ത്രാലയത്തിന്റെയും കർശന പരിശോധനയ്ക്ക് ശേഷമേ ഫീച്ചർ ഇന്ത്യയിൽ പൂർണ്ണമായി അനുവദിക്കൂ എന്നാണ് റിപ്പോർട്ടുകൾ. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളെ പറ്റിക്കുന്ന 'ഇംപേഴ്സണേഷൻ' , ഓൺലൈൻ തട്ടിപ്പുകൾ എന്നിവ വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം. ഉപഭോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി ഫോൺ നമ്പറിന് പകരം ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിലേതുപോലെ തനതായ യൂസർനെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാനുള്ള ഫീച്ചർ കഴിഞ്ഞ ദിവസമാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ ഫീച്ചർ രാജ്യത്തെ സൈബർ സുരക്ഷയ്ക്ക് വലിയ ഭീഷണിയായേക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. പുതിയ മാറ്റം ദുരുപയോഗം ചെയ്ത് പ്രമുഖ വ്യക്തികളുടെയോ സർക്കാർ സ്ഥാപനങ്ങളുടെയോ വ്യാജ പേരിൽ യൂസർനെയിമുകൾ ഉണ്ടാക്കി ജനങ്ങളെ പറ്റിക്കാൻ തട്ടിപ്പുകാർക്ക് എളുപ്പം സാധിക്കുമെന്ന് ഐടി മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.ആരോപണങ്ങൾ ഉയർന്നതോടെ തങ്ങളുടെ ഭാഗം വിശദീകരിച്ച് വാട്സ്ആപ്പ് വക്താവ് രംഗത്തെത്തി. തട്ടിപ്പുകൾ തടയാൻ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. പ്രമുഖ വ്യക്തികൾ, സർക്കാർ സംവിധാനങ്ങൾ, സെലിബ്രിറ്റികൾ എന്നിവരുടെ പേരിലുള്ള പ്രധാന യൂസർനെയിമുകൾ മറ്റാർക്കും എടുക്കാൻ കഴിയാത്ത രീതിയിൽ മാറ്റിവെക്കും എന്നാണ് വാട്സ്ആപ്പ് അറിയിക്കുന്നത്.




















Feedback and suggestions