7, July, 2026
Updated on 7, July, 2026 6
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തുടക്കമായി. പര്യടനത്തിന്റെ ആദ്യഘട്ടമായി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ എത്തിച്ചേർന്നു. ജക്കാർത്ത വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്റോ നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വ്യോമാതിർത്തിയിൽ പ്രവേശിച്ചത് മുതൽ ഇന്തോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടി സേവിച്ചിരുന്നു. പ്രസിഡന്റിന് പുറമെ ഇന്തോനേഷ്യൻ സർക്കാരിലെ നാല് മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.തുടർന്ന് ജക്കാർത്തയിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം വൻ ആവേശത്തോടെയാണ് വരവേറ്റത്. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നിഴൽക്കൂത്ത് ഉൾപ്പെടെയുള്ള പരമ്പരാഗത കലാപരിപാടികൾ ഒരുക്കിയിരുന്നു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി (Act East Policy), മഹാസാഗർ വിഷൻ, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ കൂടുതൽ ശാക്തീകരിക്കുക ലക്ഷ്യമിട്ടുള്ളതാണ് ഈ സന്ദർശനം. 2018-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി (Comprehensive Strategic Partnership) ഉയർത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. 2025-ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആയിരുന്നു.