10, July, 2026
Updated on 10, July, 2026 7
ഓസ്‌ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് അദ്ദേഹം സ്റ്റേഡിയത്തിൽ എത്തിയത്. സന്ദർശനത്തിനിടെ അവിടുത്തെ യുവ ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സികളിൽ അദ്ദേഹം ഒപ്പുവെക്കുകയും ഓസ്‌ട്രേലിയയുടെ ഔദ്യോഗിക മാസ്‌കോട്ടായ 'റൂബി ദി റൂ' എന്ന കംഗാരുവിനൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. മുൻ ഓസ്‌ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്റ്റീവ് വോയും സ്റ്റേഡിയത്തിൽ വെച്ച് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ചുവടുവെക്കുന്നത് ഏതൊരു ഇന്ത്യക്കാരനിലും രണ്ട് വികാരങ്ങൾ ഒരേസമയം ഉണർത്തുമെന്നും, ഒന്ന് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന്റെ ആവേശവും രണ്ട് ക്രിക്കറ്റ് കേവലം ഒരു കായിക വിനോദമല്ല മറിച്ച് ഇരു രാജ്യങ്ങളുടെയും പങ്കുവെക്കപ്പെട്ട വികാരമാണെന്ന തിരിച്ചറിവുമാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഇന്ന് ഇവിടെ അവസാന ഓവർ ഫിനിഷിംഗിന്റെ യാതൊരു സമ്മർദ്ദവുമില്ലെന്നും കളി നൽകുന്ന സന്തോഷവും ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിന്റെ ഊഷ്മളതയും ഭാവി ചാമ്പ്യന്മാരുടെ ഊർജ്ജവും മാത്രമാണ് സ്റ്റേഡിയത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേഡിയം സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന്റെ വളർച്ചയെക്കുറിച്ചും വരാനിരിക്കുന്ന നിരവധി അവസരങ്ങളെക്കുറിച്ചും ഇരുവരും വിശദമായ ചർച്ചകൾ നടത്തി. ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ച ഏറെ ആകർഷകമായിരുന്നുവെന്നും ഉഭയകക്ഷി പങ്കാളിത്തത്തിന് ഓസ്‌ട്രേലിയയിലുടനീളം ലഭിക്കുന്ന വിപുലമായ പിന്തുണയെ താൻ ഏറെ വിലമതിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിനിടെ, പ്രതിരോധ-സുരക്ഷാ സഹകരണത്തിനായുള്ള സംയുക്ത പ്രഖ്യാപനവും സമുദ്ര സുരക്ഷാ സഹകരണ റോഡ്‌മാപ്പും (MSCR) അംഗീകരിച്ചുകൊണ്ട് ഇന്ത്യയും ഓസ്‌ട്രേലിയയും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം പുതിയ തലത്തിലേക്ക് ഉയർത്തി. ഇതിന് പുറമേ ഇന്ത്യയിലേക്കുള്ള യുറേനിയം കയറ്റുമതി സുഗമമാക്കുന്നതിനായി സിവിൽ ആണവ കരാർ പ്രായോഗികമാക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.
മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിച്ച 18 പ്രധാന തീരുമാനങ്ങളിൽ ഉൾപ്പെടുന്നതാണ് ഈ സുപ്രധാന പ്രതിരോധ കരാറുകൾ. പ്രതിരോധം, സമുദ്ര സുരക്ഷ, ഊർജ്ജം, സൈബർ-ക്രിട്ടിക്കൽ സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം, ഖനനം, ഗവേഷണം, സാംസ്കാരിക സഹകരണം എന്നിവയിലുടനീളം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ വലിയ തോതിലുള്ള വിപുലീകരണത്തിനാണ് ഈ കരാറുകൾ അടിവരയിടുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ, തന്ത്രപരമായ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ഉഭയകക്ഷി പങ്കാളിത്തം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രതിരോധ-സമുദ്ര സുരക്ഷാ റോഡ്‌മാപ്പ് സ്വീകരിച്ചതിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. മാറുന്ന തന്ത്രപരമായ സാഹചര്യങ്ങളെ നേരിടാൻ പങ്കാളിത്തം വികസിക്കണമെന്നുള്ള അംഗീകാരമാണ് ഇവയെന്നും പ്രതിരോധ-സുരക്ഷാ മേഖലകളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.