12, July, 2026
Updated on 12, July, 2026 7
തനിക്കെതിരെ ഉയരുന്ന വധഭീഷണികളിൽ ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതോടെ പശ്ചിമേഷ്യൻ മേഖലയിൽ യുഎസ്-ഇറാൻ യുദ്ധഭീതി ശക്തമാകുന്നു. തന്നെ വധിക്കാൻ ഇറാൻ മുതിർന്നാൽ രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സൈനിക പ്രത്യാക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ട്രംപ് ഇതിനോടകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാൻ വധഭീഷണി ഉയർത്തുന്നതായി ട്രംപ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
അടുത്തിടെ അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടയിൽ ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കാൻ ജനക്കൂട്ടം പരസ്യമായി ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമമുണ്ടായാൽ പ്രയോഗിക്കാനായി ആയിരം മിസൈലുകൾ ലോഡ് ചെയ്ത് കഴിഞ്ഞുവെന്നും ആവശ്യമെങ്കിൽ പ്രയോഗിക്കാൻ ആയിരക്കണക്കിന് മിസൈലുകൾ വേറെയും സജ്ജമാണെന്നും ട്രംപ് തുറന്നടിച്ചു. തൊട്ടുപിന്നാലെ, പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയും രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. കുറ്റവാളികളായ കൊലയാളികളിൽ നിന്ന് പ്രതികാരം ചോദിക്കുമെന്നും ഇത് തങ്ങളുടെ രാജ്യത്തിന്റെ അചഞ്ചലമായ തീരുമാനമാണെന്നും മൊജ്തബ ഖമേനി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ വഴി വ്യക്തമാക്കി.
ഒരു യുഎസ് പ്രസിഡന്റ് കൊല്ലപ്പെട്ടാൽ ഉടനടി സൈനിക പ്രത്യാക്രമണം നടത്താൻ അമേരിക്കൻ ഭരണഘടനയിൽ യാതൊരുവിധ സ്വയംനിയന്ത്രിത സംവിധാനങ്ങളുമില്ലെന്നതാണ് യാഥാർത്ഥ്യം. ട്രംപിന് എന്തെങ്കിലും സംഭവിക്കുന്ന സാഹചര്യമുണ്ടായാൽ യുഎസിലെ 25-ാം ഭേദഗതി പ്രകാരവും 1947-ലെ പ്രസിഡൻഷ്യൽ സക്സഷൻ ആക്ട് പ്രകാരവും അധികാരം അടുത്ത പിൻഗാമിയായ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിലേക്ക് കൈമാറ്റം ചെയ്യപ്പെടും. പുതിയ കമാൻഡർ-ഇൻ-ചീഫ് ആയി മാറുന്ന വാൻസിനായിരിക്കും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം. ട്രംപ് നൽകിയിട്ടുള്ള മിസൈൽ ആക്രമണ നിർദ്ദേശങ്ങൾ നടപ്പിലാക്കണോ അതോ മറ്റ് രീതിയിൽ പ്രതികരിക്കണോ എന്ന് തീരുമാനിക്കേണ്ടത് വാൻസായിരിക്കും.
ആണവാക്രമണമോ മറ്റോ ഉണ്ടായാൽ ഭരണം മുന്നോട്ട് കൊണ്ടുപോകാനുള്ള വിശദമായ പദ്ധതികൾ യുഎസിന് ഉണ്ടെങ്കിലും, ഒരു പ്രസിഡന്റിന്റെ മരണത്തിന് പിന്നാലെ ഉടനടി തിരിച്ചടി നൽകാനുള്ള വ്യവസ്ഥകൾ ഇതിലില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, താൻ കൊല്ലപ്പെടുകയാണെങ്കിൽ ഇറാന് മേൽ ആണവാക്രമണം നടത്താൻ ട്രംപിന് വാൻസിന് നേരിട്ട് രഹസ്യ നിർദ്ദേശം നൽകാമെന്നും അത് നിയമപരമായി സാധുതയുള്ളതാണെന്നും ഈ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.