ഇറാൻ നാവിക താവളത്തിന് നേരെ യുഎസ് ആദ്യമായി ചാവേർ ബോട്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി; ദൃശ്യങ്ങൾ


14, July, 2026
Updated on 14, July, 2026 5


ഇറാനിലെ അന്തർവാഹിനിക്കും കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രത്തിനും നേരെ വൺ-വേ അറ്റാക്ക് ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ചാവേർ കടൽ ഡ്രോണുകൾ യുദ്ധരംഗത്ത് വിജയകരമായി ഉപയോഗിക്കുന്നത്.തിങ്കളാഴ്ച യുഎസ് സൈന്യം പുറത്തുവിട്ട വീഡിയോയിൽ ഇറാന്റെ ബന്ദർ അബ്ബാസ് നാവിക താവളത്തിലെ അന്തർവാഹിനിയും കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് വ്യക്തമാക്കുന്നത്.കഴിഞ്ഞ ദിവസം ഒന്നിലധികം വൺ-വേ അറ്റാക്ക് ഉപരിതല ഡ്രോണുകൾ ഉപയോഗിച്ച് സെന്റകോം സേന ഇറാനിലെ അന്തർവാഹിനിക്കും കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിനും നേരെ വിജയകരമായി ആക്രമണം നടത്തി. മൂന്ന് കോർസെയർ അൺമാൻഡ് സർഫസ് വെസലുകളാണ് ബന്ദർ അബ്ബാസ് നാവിക താവളത്തിലെ തുറമുഖത്ത് പതിച്ചത്. അമേരിക്കൻ സൈന്യം യുദ്ധരംഗത്ത് കടൽ ഡ്രോണുകൾ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. ഈ ആക്രമണം വാണിജ്യ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷിയെ ഗണ്യമായി കുറച്ചിട്ടുണ്ട്," എക്സിലെ പോസ്റ്റിൽ സെന്റകോം വ്യക്തമാക്കി.ആകാശത്തുനിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിൽ അതീവ വേഗതയുള്ള മൂന്ന് ഉപരിതല ഡ്രോണുകൾ ഇറാന്റെ ബന്ദർ അബ്ബാസ് നാവിക തുറമുഖത്തേക്ക് അതിവേഗം കുതിച്ചുയരുന്നത് കാണാം. ഡ്രോണുകൾ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ ചുവന്ന വൃത്തങ്ങൾ ഉപയോഗിച്ച് ഇവയെ അടയാളപ്പെടുത്തിയിട്ടുണ്ട്.തുടർന്ന് ഒരു ഡ്രോണിൽ ഘടിപ്പിച്ച ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. കപ്പൽ തുറമുഖത്തോടും ക്രെയ്നുകളോടും മറ്റ് നാവിക ഇൻഫ്രാസ്ട്രക്ചറുകളോടും അടുക്കുന്നതും തുടർന്നുണ്ടാകുന്ന വൻ സ്ഫോടനവും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നതോടെ വീഡിയോ അവസാനിക്കുന്നു.ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഇടനാഴികളിലൊന്നായ ഹോർമുസ് കടലിടുക്കിന് ചുറ്റും സർവീസ് നടത്തുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് സെന്റകോം അറിയിച്ചു. ഇറാന്റെ നാവികസേനയുടെയും ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെയും പ്രധാന താവളങ്ങളിലൊന്നാണ് ബന്ദർ അബ്ബാസ് നാവിക താവളം.കടലിടുക്കിന്മേൽ അധികാരം സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് തുറന്നുതന്നെ സൂക്ഷിക്കുമെന്നും ഇറാനിയൻ ഉപരോധം പുനഃസ്ഥാപിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെ സംഘർഷം വീണ്ടും വർദ്ധിച്ചു.




Feedback and suggestions