16, July, 2026
Updated on 16, July, 2026 4
ഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ (DGMA) പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം, ഈ മേഖലയിലെ കപ്പലുകളിൽ മറു ഉത്തരവുണ്ടാകുന്നത് വരെ ഇന്ത്യക്കാരെ നിയോഗിക്കരുത്. ഷിപ്പ് മാനേജർമാർക്കും ആർ.പി.എസ്.എൽ കമ്പനികൾക്കും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്..യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഷിപ്പിങ് കമ്പനികൾ അന്താരാഷ്ട്ര കപ്പൽ-തുറമുഖ സുരക്ഷാ (ISPS) കോഡ് കർശനമായി പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ ഇന്ത്യൻ ഓഷ്യൻ റീജിയൻ (IFC-IOR), എം.എം.ഡി.എ.സി എന്നിവയുമായി ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.യു.എ.ഇ പതാകയുള്ള എം.ടി അൽ ബഹിയ, എം.ടി മൊംബാസ എന്നീ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. ആക്രമണങ്ങളിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടർന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയും സിവിലിയന്മാരെ ലക്ഷ്യമിട്ടും നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.