22, July, 2026
Updated on 22, July, 2026 4
പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ എംപിമാർ ഒന്നടങ്കം പുറത്ത് ശക്തമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം ഇരമ്പിക്കുന്നതിനിടയിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഒരു അതീവ രഹസ്യ കൂടിക്കാഴ്ച ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിക്കുകയാണ്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി നടത്തിയ കൂടിക്കാഴ്ചയാണ് രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. മുതിർന്ന മറാഠാ നേതാവിനെ പ്രധാനമന്ത്രി ആദരവോടെ വാതിൽക്കൽ വന്ന് സ്വീകരിക്കുന്നതും ഇരുവരും അതീവ സന്തുഷ്ടരായി ചിരിച്ചുകൊണ്ട് കുറിപ്പുകൾ കൈമാറുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ നിരയിൽ കടുത്ത ആശങ്ക പടർന്നു കഴിഞ്ഞു. രാജ്യത്തെ കർഷകർ നേരിടുന്ന പ്രതിസന്ധികളും ജലസേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിച്ചുള്ള നിവേദനം സമർപ്പിക്കാനാണ് എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ വൻ രാഷ്ട്രീയ അണിയറ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചന.
കേന്ദ്ര സർക്കാർ ഈ മൺസൂൺ സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാൻ ആഗ്രഹിക്കുന്ന നിർണ്ണായകമായ മണ്ഡല പുനർനിർണ്ണയ ബില്ലിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം. ഈ സാഹചര്യത്തിൽ എട്ട് എംപിമാരുള്ള ശരദ് പവാറിന്റെ എൻസിപി വിഭാഗം കേന്ദ്ര സർക്കാരിന്റെ പാർലമെന്ററി തന്ത്രങ്ങളിൽ അതീവ നിർണ്ണായക ശക്തിയാണ്. സീറ്റുകളുടെ എണ്ണത്തിൽ രാജ്യവ്യാപകമായി അമ്പത് ശതമാനം വർദ്ധനവ് വരുത്തുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമെന്ന് സുപ്രിയ സുലെ കഴിഞ്ഞ ആഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ പുനരേകീകരണത്തിനുള്ള അടിയൊഴുക്കുകൾ സജീവമാണെന്ന സൂചനകൾ നൽകിക്കൊണ്ട് ഇരു എൻസിപി ചേരികളിലെയും നേതാക്കൾ ഭരണപക്ഷത്തെ പ്രമുഖരുമായി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ശരദ് പവാർ വിഭാഗത്തെ എൻഡിഎയുടെ ഭാഗമാക്കണമെങ്കിൽ പാർട്ടിയിൽ നിന്ന് പിരിഞ്ഞുപോയ അജിത് പവാർ പക്ഷവുമായി ലയനം പൂർത്തിയാക്കണമെന്ന കർശന നിലപാടിലാണ് ബിജെപി കേന്ദ്രങ്ങൾ. ശരദ് പവാറിനെയോ അദ്ദേഹത്തിന്റെ വിശ്വസ്തരെയോ വ്യക്തിപരമായ നിലയിൽ സഖ്യത്തിലേക്ക് എടുക്കാൻ ബിജെപിക്ക് താല്പര്യമില്ലെന്നാണ് സൂചന.