23, July, 2026
Updated on 23, July, 2026 5
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ആശ്വാസ നടപടികളും കർശന നിയമനിർമ്മാണങ്ങളും പ്രഖ്യാപിച്ച് പ്രക്ഷോഭം തണുപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കിടെ പ്രക്ഷോഭങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). കേസിൽ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പും ഒത്തുതീർപ്പ് ചർച്ചകൾക്കുള്ള മന്ത്രാലയത്തിന്റെ ക്ഷണവും തള്ളിക്കളഞ്ഞുകൊണ്ട് സിജെപി ജൂലൈ 24 വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ജന്തർ മന്തറിലെ സമരം സംസ്ഥാന തലസ്ഥാനങ്ങളിലേക്കും പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിച്ച് കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് സമരക്കാരുടെ ലക്ഷ്യം.
ആശ്വാസ വാഗ്ദാനങ്ങൾ അല്ല, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ് തങ്ങളുടെ ആവശ്യമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലുകളും കണ്ണീർവാതക പ്രയോഗവും അക്രമ സംഭവങ്ങളും ജന്തർ മന്തറിനെ കൂടുതൽ സംഘർഷഭരിതമാക്കിയിട്ടുണ്ട്. ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും നൂറിലധികം സമരക്കാർ കരുതൽ തടങ്കലിലാവുകയും ചെയ്ത സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ദേശീയ തലത്തിലേക്ക് സമരം പടർത്താനുള്ള സിജെപിയുടെ നീക്കം. ഡൽഹിയിലെ കനോട്ട് പ്ലേസ് മേഖലയിൽ കടകമ്പോളങ്ങൾ നേരത്തെ അടപ്പിക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തുകൊണ്ട് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
ജൂലൈ 24-ന് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളിൽ തെരുവ് ഉപരോധം, പ്രതിഷേധ മാർച്ചുകൾ, വിദ്യാർത്ഥി റാലികൾ എന്നിവ സംഘടിപ്പിക്കാനാണ് തീരുമാനം. സ്ഥിതിഗതികൾ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. സമാധാനപരമായ പ്രക്ഷോഭത്തെ പോലീസ് ശക്തിയുപയോഗിച്ച് നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രതിഷേധം കൂടുതൽ രൂക്ഷമാകുമെന്ന് സമര നേതാക്കൾ മുന്നറിയിപ്പ് നൽകി.