27, July, 2026
Updated on 27, July, 2026 1
ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിച്ചിരുന്നു. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജന്തർ മന്തറിലും ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചിനിടയിലുമാണ് വലിയ തോതിലുള്ള വിദ്യാർത്ഥി പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഈ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും മീമുകളും വിവിധ അക്കൗണ്ടുകൾ വഴി വ്യാപകമായി പ്രചരിച്ചത്.
ഡൽഹി പോലീസിന്റെ സൈബർ വിഭാഗവും സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീമും സംയുക്തമായി നടത്തിയ ഓൺലൈൻ പരിശോധനയിലാണ് ഇത്തരം നിയമവിരുദ്ധ പോസ്റ്റുകൾ കണ്ടെത്തിയത്. ഇതിനെത്തുടർന്ന്, രാജ്യത്തെ നിയമപരമായ ചട്ടങ്ങൾ കർശനമായി പാലിച്ച് ഈ ദൃശ്യങ്ങളും പോസ്റ്റുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പോലീസ് ഔദ്യോഗികമായി നോട്ടീസ് അയച്ചു.പോലീസിന്റെ ഭാഗത്തുനിന്നും കർശനമായ നിർദ്ദേശവും നോട്ടീസും ലഭിച്ചതിനെ തുടർന്ന്, ബന്ധപ്പെട്ട സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ അധിക്ഷേപകരമായ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അത്തരം ഉള്ളടക്കങ്ങൾ പല പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇതിനോടകം തന്നെ പൂർണ്ണമായി നീക്കം ചെയ്തിട്ടുണ്ട്.