27, July, 2026
Updated on 27, July, 2026 2
ജന്തര്‍ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സിജെപി വാര്‍ത്താ സമ്മേളനത്തിലൂടെ കുറ്റപ്പെടുത്തി. പൊലീസ് ക്രൂരത പങ്കുവയ്ക്കാന്‍ സാക്ഷി എന്ന പേരില്‍ സിജെപി വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് നിയമ സഹായം ഉറപ്പാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ പറഞ്ഞു
ജന്തര്‍ മന്തറിലെ ഐതിഹാസിക സമരത്തിനും ചരിത്ര വിജയത്തിനും ശേഷം തങ്ങളുടെ തുടര്‍ നീക്കങ്ങളും പ്രസക്തിയും വിശദീകരിക്കുന്നതായിരുന്നു സിജെപിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം. വലിയ നിയമപോരാട്ടത്തിനാണ് സിജെപി തയ്യാറെടുക്കുന്നത്. സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് സിജെപി ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങള്‍ സമരം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സിജെപി പ്രതിനിധികള്‍ പറഞ്ഞു. സമരക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്നും എഫ്‌ഐആറുകള്‍ റദ്ദാക്കുമെന്നും ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ സിജെപിക്ക് ഉറപ്പുകള്‍ നല്‍കിയിരുന്നു.സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കെതിരെ എടുത്ത നടപടികളില്‍ നിയമസഹായം ഉറപ്പാക്കുമെന്ന് കപില്‍ സിബലും വ്യക്തമാക്കി. രാജ്യത്തിന്റെ ഏത് ഭാഗത്തും സഹായം നല്‍കും. സമാധാനപരമായി പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. നിയമസഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിന്റെ ഭാഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.