30, July, 2026
Updated on 30, July, 2026 2
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ജൂത ആസ്ഥാനത്തേക്ക് കാര്‍ ഇടിച്ചുകയറ്റിയ കേസില്‍ പ്രതിക്ക് ആറുമാസം തടവ്. 36 കാരനായ ഡാന്‍ സോഹൈലിനാണ് ആറുമാസം തടവുശിക്ഷ വിധിച്ചത്. ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കുറ്റകൃത്യത്തി ലേക്ക് നയിച്ച പ്രധാന ഘടകമാണെന്ന് വിലയിരുത്തിയ കോടതി നിലവിവല്‍ ആറുമാസത്തിലധികം ജയിലിലായിരുന്ന സോഹൈലിനെ ഒരാഴ്ചയ്ക്കകം മോചിപ്പിക്കാനും ഉത്തരവിട്ടു.2026 ജനുവരി 28-ന് ബ്രൂക്ക്‌ലിനിലെ 770 ഈസ്റ്റേണ്‍ പാര്‍ക്ക്വേയിലെ ചാബാദ് ആസ്ഥാ നത്തിന്റെ പ്രവേശന കവാടത്തിലേക്ക് സോഹൈല്‍ കാര്‍ അഞ്ച് തവണ ഇടിച്ചുകയറ്റുകയായിരുന്നു. കെട്ടിടത്തിന് സംഭവിച്ച നാശനഷ്ടത്തിന് 20,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.ന്യൂയോര്‍ക്കില്‍ ജൂതര്‍ക്കെതിരായ വിദ്വേഷക്കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് ആദ്യം വിദ്വേഷ ക്കുറ്റകൃത്യമായി വിലയിരുത്തപ്പെട്ടെങ്കിലും പിന്നീട് മതസ്ഥാപനത്തിന്റെ സ്വത്ത് മനഃപൂര്‍വം നശിപ്പിച്ചതിനാണ് കുറ്റം ചുമത്തിയതെന്ന് കോടതി വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയെന്ന പേരില്‍ അമിതശിക്ഷ നല്‍കാനാകില്ലെന്നും ജഡ്ജി എറിക് എന്‍. വിറ്റാലിയാനോ അഭിപ്രായപ്പെട്ടു.പ്രതിഭാഗത്തിന്റെ വാദപ്രകാരം, ബാല്യകാല ദുരനുഭവങ്ങളെ തുടര്‍ന്ന് സോഹൈല്‍ വിഷാദരോഗവും പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡറും അനുഭവിച്ചുവരികയായിരുന്നു. ജൂതമതത്തെക്കുറിച്ച് പഠിക്കുന്നതിനിടെ ചാബാദ് കേന്ദ്രവുമായി അടുത്ത ബന്ധം സ്ഥാപിച്ചെങ്കിലും പിന്നീട് മാനസികനില വഷളായി. കെട്ടിടത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത് സഹായം തേടിയുള്ള യുക്തിരഹിതമായ നടപടിയായിരുന്നുവെന്ന് പ്രതിഭാഗം കോടതിയില്‍ വിശദീകരിച്ചു.ലുബാവിച്ച് പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവായ റാബ്ബി മെനാചെം മെന്‍ഡല്‍ ഷ്‌നിയേഴ്‌സണ്‍ നേതൃത്വം ഏറ്റെടുത്തതിന്റെ 75-ാം വാര്‍ഷിക ദിനത്തിലായിരുന്നു സംഭവം. മുന്‍കാല ആക്രമണങ്ങളെത്തുടര്‍ന്ന് വര്‍ഷങ്ങളായി കര്‍ശന പൊലീസ് സുരക്ഷയുള്ള ഈ ആസ്ഥാനത്ത് നടന്ന സംഭവം ന്യൂയോര്‍ക്കില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ശിക്ഷാവിധിക്കിടെ സോഹൈല്‍ മൗനം പാലിച്ചെങ്കിലും നടപടികള്‍ അവസാനിച്ചപ്പോള്‍ ജഡ്ജിയോട് നന്ദി അറിയിച്ചു.