സിയാറ്റില്‍ ഫുഡ് ഫെസ്റ്റിവലിനിടെ വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് മേധാവിയുടെ തൊപ്പി തെറിച്ചു; രാജി ആവശ്യപ്പെട്ടത് മേയറെന്നു വെളിപ്പെടുത്തല്‍


31, July, 2026
Updated on 31, July, 2026 6


സിയാറ്റില്‍: ഫുഡ് ഫെസ്റ്റിവലിനിടെ ഉണ്ടായ വെടിവെയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിയാറ്റില്‍ പോലീസ് മേധാവിയുടെ തൊപ്പി തെറിച്ചു.മേയര്‍ രാജി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോലീസ് മേധാവി പദവിയില്‍ നിന്നും പടിയിറങ്ങിയതെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.സിയാറ്റിലില്‍ നടന്ന ‘ബൈറ്റ് ഓഫ് സിയാറ്റില്‍’ ഫുഡ് ഫെസ്റ്റിവലിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സിയാറ്റില്‍ പൊലീസ് മേധാവി ഷോണ്‍ ബാര്‍ന്‍സിന്റെ രാജി മേയര്‍ കേറ്റി വില്‍സണ്‍ സ്വീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചു. നഗരത്തിനും പൊലീസ് വകുപ്പിനും നല്‍കിയ സേവനത്തിന് ബാര്‍ന്‍സിനോട് നന്ദി അറിയിച്ച മേയര്‍, നഗരത്തിലെ യുവാക്കള്‍ക്കിടയിലെ തോക്കുഅക്രമം തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വ്യക്തമാക്കി.അതിനിടെ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ മേയര്‍ തന്നെ രാജിവെക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്വമേധയാ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ബാര്‍ന്‍സ് അഭിഭാഷകനിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മേയറുടെ ആവശ്യം തന്നെ അമ്പരപ്പിച്ചെങ്കിലും, ദാരുണ സംഭവത്തിന്റെ ആഘാതത്തില്‍ കഴിയുന്ന നഗരത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയും നഗരത്തെ ഈ ദുരന്തത്തില്‍ നിന്ന് കരകയറ്റുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമാകേണ്ടതെന്നും ബാര്‍ന്‍സ് കൂട്ടിച്ചേര്‍ത്തു.


ഷോണ്‍ ബാര്‍ന്‍സിന് പകരം ഡെപ്യൂട്ടി പൊലീസ് മേധാവി ആന്‍ഡ്രെ സെയ്ല്‍സിനെ ഇടക്കാല പൊലീസ് മേധാവിയായി മേയര്‍ നിയമിക്കും. സുതാര്യതയും പൊതുജന വിശ്വാസവും സമൂഹവുമായി അടുത്ത സഹകരണവുമാണ് നഗരത്തിലെ പൊതുസുരക്ഷയുടെ അടിസ്ഥാനമെന്ന് മേയര്‍ കേറ്റി വില്‍സണ്‍ പറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും സമൂഹ സംഘടനകളുമായും ചെറുകിട വ്യാപാരികളുമായും വിശ്വാസബന്ധം വളര്‍ത്തുകയും ചെയ്യുന്ന പൊലീസ് സംവിധാനമാണ് നഗരത്തിന് ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.ഞായറാഴ്ച സിയാറ്റില്‍ സെന്ററിന് സമീപം നടന്ന ‘ബൈറ്റ് ഓഫ് സിയാറ്റില്‍’ ഫുഡ് ഫെസ്റ്റിവലിനിടെ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വെടിവെയ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പരിക്കേറ്റവര്‍ക്കോ കൊല്ലപ്പെട്ടവര്‍ക്കോ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന് ബാര്‍ന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവെപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 19 വയസുകാരന്‍ പിന്നീട് മരിച്ചതായും അധികൃതര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.




Feedback and suggestions