4, August, 2026
Updated on 4, August, 2026 8
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ നയതന്ത്ര അതിരുകൾ ലംഘിച്ചുകൊണ്ട് വീണ്ടും അതിരൂക്ഷമായ മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ ഇറാന് ലഭിക്കുന്ന “അവസാന അവസരമാണിതെന്നാണ്” ഓവൽ ഓഫീസിൽ വെച്ച് ട്രംപ് തുറന്നടിച്ചിരിക്കുന്നത്. “തലവെട്ടുന്നതിന് മുന്നോടിയായി ഇറാന് നൽകുന്ന അവസാന അവസരം” എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഈ അന്ത്യശാസനം, കേവലം നയതന്ത്ര സംഭാഷണമല്ല, മറിച്ച് സാമ്രാജ്യത്വ ശക്തിയുടെ പരസ്യമായ യുദ്ധപ്രഖ്യാപനമായിട്ടാണ് ആഗോള നിരീക്ഷകർ കാണുന്നത്. ഇറാൻ നേതൃത്വത്തെ അവിശ്വസനീയമാംവിധം ഇരട്ടത്താപ്പുള്ളവരും സത്യസന്ധതയില്ലാത്തവരുമെന്ന് മുൻപ് വിമർശിച്ച ട്രംപ്, ഇപ്പോൾ ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അവകാശപ്പെടുമ്പോഴും, ഒപ്പിടൽ നടന്നില്ലെങ്കിൽ പ്രത്യാഘാതം അതിരൂക്ഷമായിരിക്കുമെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്.
അമേരിക്കയുമായി യാതൊരുവിധ നേരിട്ടുള്ള ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും, ചർച്ചകൾ നടക്കുന്നത് ഇറാന്റെ അഭ്യർത്ഥന മാനിച്ചാണെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. സലാമിയ മിഡിൽ ഈസ്റ്റിലെ പ്രബല ശക്തികളായ സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഈ ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് രംഗത്തെത്തി. അമേരിക്കയുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും വരും ദിവസങ്ങളിൽ യോഗങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം പരിമിതപ്പെട്ടിരിക്കുന്നതാണെന്നും ഇറാൻ വ്യക്തമാക്കുന്നു.പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് ഈ തർക്കങ്ങളുടെ പ്രധാന കേന്ദ്രബിന്ദു. ആഗോള എണ്ണ വ്യാപാരത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന ഈ സമുദ്രപാത പൂർണ്ണമായും തുറന്നുനൽകുക എന്നതാണ് തങ്ങളുടെ ഒന്നാം ഘട്ട ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. തുടർന്ന് രണ്ടാം ഘട്ടമായി ഇറാന്റെ ആണവ ശേഷി പൂർണ്ണമായും അവസാനിപ്പിക്കുന്ന ഇറാന്റെ ആണവ നിരായുധീകരണത്തിലേക്ക് നീങ്ങാനാണ് അമേരിക്കൻ പദ്ധതി. ഒരു കരാറിന് തയ്യാറായി പൂർണ്ണ കീഴടങ്ങലിന് സമ്മതിക്കുന്നതുവരെ ഇറാനിലൂടെ ഒരു കപ്പൽ പോലും കടന്നുപോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ട്രംപ്. ഇറാന് ഒരു കാരണവശാലും ആണവായുധം നിർമ്മിക്കാനുള്ള അനുമതി നൽകില്ലെന്ന് അമേരിക്ക ആവർത്തിച്ചു വ്യക്തമാക്കുന്നു.ഇറാനെതിരെ കടുത്ത ആക്രമണങ്ങൾ നടപ്പിലാക്കാൻ അമേരിക്ക പ്ലാൻ ചെയ്തിട്ടുണ്ടെന്നും, എന്നാൽ ഒരു കരാറിലെത്താൻ ഇറാനിയൻ ജനതയ്ക്ക് താൻ ഒരവസരം കൂടി നൽകുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. “ഞങ്ങൾ ആസൂത്രണം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഒരു അവസാന അവസരം നൽകിയതിൽ എനിക്ക് അഭിമാനമുണ്ട്” എന്ന പ്രസിഡന്റിന്റെ വാക്കുകൾ സൈനിക നടപടികൾ അമേരിക്കൻ മേശപ്പുറത്ത് തയ്യാറാണെന്നതിന്റെ തെളിവാണ്. സൗദി അറേബ്യയും ഖത്തറും യുഎഇയും മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിക്കുമ്പോഴും, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇറാഖിലെ മതപരമായ സന്ദർശനങ്ങളിലായതിനാൽ അടുത്ത ദിവസങ്ങളിൽ ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് ഇറാനിയൻ വൃത്തങ്ങൾ നൽകുന്ന സൂചന.
ട്രംപിന്റെ ഈ കടുത്ത പ്രസ്താവനകളും പശ്ചിമേഷ്യൻ പോരും ആഗോള സാമ്പത്തിക വ്യവസ്ഥയെയും എണ്ണവിപണിയെയും വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഒരു കരാറിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന സൈനിക ഏറ്റുമുട്ടലുകൾ എണ്ണവില കുതിച്ചുയരാനും ലോകരാജ്യങ്ങളിൽ വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാനും ഇടയാക്കും. ഇറാനെ പൂർണ്ണമായി കീഴ്‌പ്പെടുത്താനുള്ള അമേരിക്കൻ തന്ത്രവും, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഒമാൻ വഴിയുള്ള ചർച്ചകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇറാന്റെ നിലപാടും തമ്മിലുള്ള ഈ യുദ്ധ സമാനമായ അന്തരീക്ഷം വരും ദിവസങ്ങളിൽ ലോകരാഷ്ട്രീയത്തിൽ ഏതു തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുകയെന്ന് ഉറ്റുനോക്കുകയാണ് ലോകം.