കരിബ തടാകത്തിൽ ബോട്ട് മുങ്ങി 44 മരണം; സിംബാബ്‌വെയിൽ ദേശീയ ദുരന്തം പ്രഖ്യാപിച്ചു


13, August, 2026
Updated on 13, August, 2026 52


ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിലുണ്ടായ വലിയ ബോട്ട് ദുരന്തത്തിൽ 44 പേർക്ക് ദാരുണാന്ത്യം. ബോട്ടിലുണ്ടായിരുന്ന 77 ഓളം പേരെ രക്ഷപ്പെടുത്തി. സാംബിയൻ അതിർത്തിയോട് ചേർന്നുള്ള കരിബ തടാകത്തിലാണ് ദുരന്തമുണ്ടായത്.പരമാവധി 94 പേർക്ക് (90 യാത്രക്കാരും 4 ജീവനക്കാരും) മാത്രം സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റിയതാണ് അപകടത്തിന് വഴിവെച്ചത്. അപകടസമയത്ത് 12 കുട്ടികൾ ഉൾപ്പെടെ 120-ഓളം പേർ ബോട്ടിലുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തടാകത്തിൽ നിന്ന് 44 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നാണ് സിംബാബ്‌വെ-സാംബിയ അതിർത്തിയിലുള്ള കരിബ തടാകം. ഇരു രാജ്യങ്ങളുടെയും പ്രമുഖ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ഈ തടാകത്തിലാണ്.ദുരന്തത്തിൽ സിംബാബ്‌വെ പ്രസിഡന്റ് എമേഴ്സൺ നാംൻഗാഗ്വ അനുശോചനം രേഖപ്പെടുത്തുകയും രാജ്യത്ത് ദേശീയ ദുരന്തം പ്രഖ്യാപിക്കുകയും ചെയ്തു. സൈനിക ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടക്കുന്നത്. യാത്രതിരിക്കുന്നതിന് മുൻപ് ബോട്ടിലെ കടുത്ത ആൾത്തിരക്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.





































Feedback and suggestions