13, August, 2026
Updated on 13, August, 2026 9
വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് ഈ മാസം അവസാനത്തോടെ സ്ഥാനം ഒഴിയുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് ലെവിറ്റ് പദവിയൊഴിയുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ലെവിറ്റിന്റെ തീരുമാനത്തെ പൂർണമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി ട്രംപ് പറഞ്ഞു.രണ്ടാം ട്രംപ് ഭരണകൂടത്തിലെ പ്രമുഖ മുഖങ്ങളിലൊന്നായ ലെവിറ്റ്, 27-ാം വയസ്സിൽ ചുമതലയേറ്റെടുക്കുമ്പോൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ചരിത്രം കുറിച്ചിരുന്നു. കഴിഞ്ഞ മേയിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ലെവിറ്റ്, പ്രസവാവധിക്ക് ശേഷം ഒരു മാസം മുൻപാണ് വീണ്ടും വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിൽ മടങ്ങിയെത്തിയത്.സ്ഥാനമൊഴിഞ്ഞാലും ലെവിറ്റ് തന്റെ പ്രധാന ബാഹ്യ ഉപദേശകരിൽ ഒരാളായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ അവർ ശക്തമായ സാന്നിധ്യമായിരിക്കുമെന്നും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസ് സെക്രട്ടറിമാരിൽ ഒരാളാണ് ലെവിറ്റെന്നും ട്രംപ് കൂട്ടിച്ചേർത്തു.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നുവെന്ന് ലെവിറ്റും 'എക്‌സി'ലൂടെ സ്ഥിരീകരിച്ചു. "രണ്ട് ചെറിയ കുട്ടികളുടെ അമ്മയെന്ന നിലയിൽ കുടുംബജീവിതവും പ്രസ് സെക്രട്ടറിയുടെ ഭാരിച്ച ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകുന്നത് വെല്ലുവിളിയാണ്. എന്റെ കുട്ടികൾ അർഹിക്കുന്ന ശ്രദ്ധയും പരിഗണനയും നൽകാൻ ഈ പദവിയിൽ തുടർന്നുകൊണ്ട് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനം," ലെവിറ്റ് വ്യക്തമാക്കി.2024-ലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഭരണമാറ്റ ഘട്ടത്തിലും വക്താവായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ലെവിറ്റ്. ആദ്യ ട്രംപ് ഭരണകൂടത്തിലും ജനപ്രതിനിധി എലിസ് സ്റ്റെഫാനിക്കിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഹാംഷെയറിൽ നിന്ന് കോൺഗ്രസിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.ലെവിറ്റിന് പകരം ആരെ നിയമിക്കുമെന്ന് ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലെവിറ്റ് പ്രസവാവധിയിലായിരുന്ന സമയത്ത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് വാ വാർത്താസമ്മേളനങ്ങൾ കൈകാര്യം ചെയ്തിരുന്നത്.