16, August, 2026
Updated on 16, August, 2026 4
മംഗളൂരു: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിൽ സോണിയ ഗാന്ധിക്കെതിരെ പരാതി നൽകിയത്.ദേശീയ ഗീതത്തെ അപമാനിച്ചുവെന്നും ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതൃത്വം, ഇവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പാർട്ടി നയത്തിന് വിരുദ്ധമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ചതാണ് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾക്ക് ശേഷവും ആലാപനം തുടർന്നതോടെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അസ്വസ്ഥരാവുകയും ആംഗ്യങ്ങളിലൂടെ തടയാൻ ശ്രമിക്കുകയുമായിരുന്നു. വന്ദേമാതരം പൂർണ്ണമായി ആലപിക്കരുതെന്നാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി എംപി നിഷികാന്ത് ദുബെ പുറത്തുവിട്ടിട്ടുണ്ട്. ഇത് രാഹുൽ ഗാന്ധിക്കെതിരെയും വലിയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം.അതേസമയം, വന്ദേമാതരം ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഏറെ നേരമായി നിൽക്കുകയായിരുന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുമൂലമാണ് ഗാനം പൂർണ്ണമായി ആലപിക്കാൻ ഇടയായതെന്നാണ് ലഭ്യമാകുന്ന സൂചന.