ന്യൂയോര്‍ക്ക് ഹാര്‍ബര്‍ ബോട്ട് അപകടത്തില്‍ യുവതിയും അഞ്ചുമാസം പ്രായമായ കുഞ്ഞും മരിച്ച സംഭവം: ക്യാപ്റ്റനെ ഐസിഇ അറസ്റ്റ് ചെയ്തു


21, August, 2026
Updated on 21, August, 2026 7


ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ ബോട്ട് മറിഞ്ഞ് യുവതിയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ട സംഭവത്തില്‍ ബോട്ട് ക്യാപ്റ്റന്‍ മാനുവല്‍ എര്‍നെസ്റ്റോ ഹെര്‍ണാണ്ടസ്-ഉമാനയെ അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് എട്ടിന് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ 27കാരിയായ യുവതിയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.


അപകടസമയത്ത് ബോട്ട് നിയന്ത്രിച്ചത് ഹെര്‍ണാണ്ടസ്-ഉമാനയായിരുന്നു. ബോട്ടില്‍ അനുവദനീയമായതിലധികം ആളുകള്‍ ഉണ്ടായിരുന്നതാണ് മറിഞ്ഞതിന്റെ കാരണമെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം. അപകടത്തില്‍പ്പെട്ട ് 12 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചെറിയ പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കപ്പല്‍ ഉദ്യോഗസ്ഥന്റെ വീഴ്ചയും അശ്രദ്ധയും സംബന്ധിച്ച രണ്ട് കുറ്റങ്ങളാണ് ഹെര്‍ണാണ്ടസിനെതിരെ നീതിന്യായ വകുപ്പ് ചുമത്തിയത്.


അപകടത്തെക്കുറിച്ചുള്ള അന്വേഷണം യു.എസ്. കോസ്റ്റ് ഗാര്‍ഡ് ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഹെര്‍ണാണ്ടസ്-ഉമാന നിയമവിരുദ്ധമായി അമേരിക്കയില്‍ കഴിയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ്‌ഐസിഇ ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജി ഇയാളെ വിട്ടയച്ചിരുന്നു.


ലൈസന്‍സില്ലാതെ ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ അനധികൃത ബോട്ട് ടൂര്‍ നടത്തിയെന്ന ആരോപണവും ഹെര്‍ണാണ്ടസിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ ചാര്‍ട്ടര്‍ സര്‍വീസുകള്‍ മനുഷ്യജീവന് വലിയ അപകടമാണ് സൃഷ്ടിക്കുന്നതെന്നും ഈ സംഭവത്തില്‍ ആരോപിക്കപ്പെടുന്ന വീഴ്ച രണ്ട് പേരുടെ മരണത്തിലേക്ക് നയിച്ചെന്നും കോസ്റ്റ് ഗാര്‍ഡ് ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോഷ് പാക്കര്‍ പറഞ്ഞു.


സംഭവത്തില്‍ നീതി ഉറപ്പാക്കിയ ശേഷം ഹെര്‍ണാണ്ടസിനെ അമേരിക്കയില്‍ നിന്ന് വേഗത്തില്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ്, ഐസിഇ എന്നിവയുള്‍പ്പെടെ വിവിധ ഫെഡറല്‍, സംസ്ഥാന, പ്രാദേശിക ഏജന്‍സികളുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.




Feedback and suggestions