Parents Sell 9 Month Old Baby: മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു

Parents Sell 9 Month Old Baby
18, June, 2025
Updated on 18, June, 2025 22

വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ അറിയിച്ചു.

മലപ്പുറം തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. 

കുഞ്ഞിൻ്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ അറിയിച്ചു. 

കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ് ജോലി ചെയ്ത് വരുന്നത്. തിരൂരിലെ ഒരു വാടക ക്വാട്ടേഴ്‌സിലാണ് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും താമസിക്കുന്നത്. കുട്ടിയെ കുറേ നേരമായി കാണാനില്ലെന്ന് ഇവര്‍ക്കൊപ്പം ക്വാട്ടേഴ്‌സില്‍ താമസിക്കുന്നവരാണ് തിരൂര്‍ പൊലീസിനെ അറിയിച്ചത്. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് പൊലീസിനോട് കുട്ടിയെ വിറ്റെന്ന സത്യം വെളിപ്പെടുത്തുന്നത്. തമിഴ്‌നാട് സ്വദേശിയായ ആദിലക്ഷ്മി എന്ന സ്ത്രീയ്ക്കാണ് കുട്ടിയെ വിറ്റത്.

മാതാപിതാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയെ കണ്ടെത്തി രക്ഷിക്കുകയും വൈകീട്ട് കുട്ടിയെ മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അഞ്ചുപേര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെഷന്‍ 75, 81 എന്നിവ പ്രകാരം കേസെടുത്തു.





Feedback and suggestions