1, September, 2026
Updated on 1, September, 2026 4
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുന്നത്. കേസിൽ ആൻറണി രാജുവിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയുമാണ് നെടമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലാണ് പരിഗണിക്കുന്നത്.1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ലഹരി മരുന്ന് ഒളിപ്പിച്ച് കടത്തിയ ആസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോർ സർവലി പിടിയിലായി. ഈ കേസിൽ അന്ന് പ്രതിഭാഗം അഭിഭാഷകനായി എത്തിയ കല്ലൂർ സൻഫാറിന്റെ ജൂനിയറായിരുന്നു ആന്റണി രാജു. കേസിൽ ആൻഡ്രൂ സാൽവദോറിനെ വിചാരണ കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.എന്നാൽ തുടർന്ന് അപ്പീൽ നൽകിയ പ്രതി തൊണ്ടിമുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് കോടതിയിൽ വാദിക്കുകയും തുടർന്ന് ഹൈക്കോടതി പ്രതിയെ വിട്ടയക്കുകയും ചെയ്തിരുന്നു. കോടതി സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചാണ് അഭിഭാഷകൻ പ്രതിയെ രക്ഷപ്പെടുത്തിയതെന്ന് പിന്നീട് കണ്ടെത്തി. തൊണ്ടിമുതലിൽ മാറ്റം വരുത്തിയെന്നാരോപിച്ച് 1994-ൽ രജിസ്റ്റർ ചെയ്ത കേസിൽ 2006-ലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.സംഭവത്തിൽ, നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി, മൂന്നു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിക്കുകയും ചെയ്തു. രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതിനെ തുടർന്ന് ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരികയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് വരികയും ചെയ്തു.ശിക്ഷ വന്നതിനു പിന്നാലെ രണ്ടാം പ്രതിയായ ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിരുന്നു. 6 വർഷത്തേക്കു മത്സരിക്കാനാകില്ല. വഞ്ചിയൂർ കോടതിയിലെ തൊണ്ടി ക്ലാർക്ക് ആയിരുന്ന കെ.എസ്.ജോസാണ് കേസിലെ ഒന്നാം പ്രതി. ജോസിനും 3 വർഷം ശിക്ഷ ലഭിച്ചു. വിശ്വാസ വഞ്ചന, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കുള്ള വകുപ്പുകളിൽ ഒന്നാം പ്രതി ജോസിന് ആകെ ഒൻപതര വർഷം തടവും 15,000 രൂപ പിഴയും ആന്റണി രാജുവിന് ആകെ എട്ടര വർഷം തടവും 10,000 രൂപ പിഴയുമാണു നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് റൂബി ഇസ്മായിൽ വിധിച്ചത്.തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും അയോഗ്യത നീക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷാവിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്.