2, September, 2026
Updated on 2, September, 2026 5
വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ വീടിനുനേരെ മിസൈൽ ആക്രമണം. ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ നടന്ന അമേരിക്കൻ മിസൈൽ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലെ ഒരു വീടിനുനേരെയാണ് ആക്രമണമുണ്ടായത്. വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയവരാണ് ആക്രമണത്തിൽപ്പെട്ടത്. അതേസമയം, കൃത്യമായി ഏത് ലക്ഷ്യസ്ഥാനത്തേക്കാണ് മിസൈൽ പതിച്ചതെന്ന് വ്യക്തമായിട്ടില്ല.
ആക്രമണം നടന്ന സിറിക് ഹോർമുസ് കടലിടുക്കിന് സമീപമാണ്. സംഭവത്തിന് പിന്നാലെ അമേരിക്കൻ നടപടിക്കെതിരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ് മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് ഖേദിക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്നും റിപ്പോർട്ടുകളുണ്ട്.ഇറാൻ തിരിച്ചടിച്ചാൽ ഇതിലും വലിയ പ്രഹരം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസിൽ കടൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചതിനും ജോർദാനിലെ അമേരിക്കൻ സൈനിക ക്യാമ്പിനുനേരെ മിസൈൽ ആക്രമണം നടത്തിയതിനുമുള്ള തിരിച്ചടിയാണ് നടപടിയെന്നാണ് ട്രംപിന്റെ വാദം. ഹോർമുസിലെ മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് എത്തിയ എല്ലാ മിസൈലുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 28ന് നടന്ന അമേരിക്ക.-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ഇറാനും മേഖലയിലുടനീളം പ്രത്യാക്രമണം നടത്തി. ഇപ്പോൾ വിവാഹച്ചടങ്ങിനിടെ നടന്ന ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ, ഹോർമുസ് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണ് വ്യക്തമാകുന്നത്.