പാലക്കാട്ട് എടിഎമ്മിൽ നിന്ന് പണമെടുത്തിറങ്ങിയ വയോധികന്റെ 40000 രൂപ പട്ടാപ്പകൽ തട്ടിപ്പറിച്ചു


11, September, 2026
Updated on 11, September, 2026 3


പാലക്കാട്: മണ്ണാർക്കാട്ട് പട്ടാപ്പകൽ വൻ പിടിച്ചുപറി, എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ വയോധികന്റെ 40000 രൂപ തട്ടിപ്പറിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. മണ്ണാർക്കാട് ടൗണിലെ എടിഎമ്മിൽ നിന്ന് പണമെടുത്ത് പുറത്തിറങ്ങിയ വടക്കുമണ്ണം ഐശ്വര്യയിൽ പരമേശ്വരൻ നായരുടെ പണമാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30-ന് ആയിരുന്നു സംഭവം. കൗണ്ടറിൽനിന്ന് പണം പിൻവലിച്ച് ബാഗിൽ വച്ചശേഷം പരമേശ്വരൻ നായർ പുറത്തിറങ്ങാൻ പോവുകയായിരുന്നു. എന്നാൽ ഈ സമയത്ത് ഹെൽമറ്റ് വച്ച് എത്തിയ രണ്ട് പേർ ഉള്ളിൽ കയറുകയും ഒരാൾ ബലമായി പരമേശ്വരൻ നായരുടെ ബാഗിൽ നിന്ന് പണമെടുക്കുകയും ചെയ്തു എന്നാണ് പരാതി.പണം ​കൈക്കലാക്കിയതിന് പിന്നാലെ മോഷ്ടാക്കൾ ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരമേശ്വരൻ നായരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബാങ്കിന് സമീപത്തെയും വഴിയോരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പട്ടാപ്പകൽ നടന്ന ഈ പിടിച്ചുപറി പ്രദേശത്ത് വൻ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.പയ്യന്നൂർ: ഫോണിൽ ഉടമയാണ് എന്ന് ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത് യുവാവ് രക്ഷപ്പെട്ടു. പയ്യന്നൂർ പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തെ ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശി ജിൻസിന്റെ ഉടമസ്ഥതയിലുള്ള കെസ്റ്റർ ഗ്രാഫിക്സ് സ്ഥാപനത്തിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ജീവനക്കാരി നിവ്യ ഭക്ഷണം കഴിക്കുമ്പോഴാണ് അജ്ഞാതനായ യുവാവ് കയറിവന്നത്. സ്ഥാപന ഉടമ പിലാത്തറയിലെ ഓഫീസിലാണെന്ന് പറഞ്ഞപ്പോൾ ജിൻസിനെ ഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുന്നതായി യുവാവ് തെറ്റിദ്ധരിപ്പിച്ചു.


ജയകുമാർ എന്നയാൾ വരുമെന്നും 27,000 രൂപ തരുമെന്നും വാങ്ങിവെക്കണമെന്നും ഇവിടെ രണ്ടായിരം രൂപയുണ്ട് അത് തരാൻ ഉടമ പറഞ്ഞതായും യുവാവ് ജീവനക്കാരിയോട് പറഞ്ഞു. ഇത് വിശ്വസിച്ച ജീവനക്കാരി പണം പരിശോധിച്ചു. തുടർന്ന് മേശയിൽ 1500 രൂപയേയുള്ളൂവെന്ന് പറഞ്ഞ് മേശയുടെ മുകളിൽവെച്ച് പണം എണ്ണിക്കാണിക്കുന്നതിനിടെ യുവാവ് പണവുമായി ഓടിരക്ഷപ്പെടുകയായിരുന്നു.


സംഭവത്തിൽ യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകി. കെട്ടിടത്തിലെ സിസിടിവിയിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യം പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ഫോണിൽ ഉടമയാണ് സംസാരിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിച്ച് ജീവനക്കാരിൽ നിന്ന് പണം ​കൈക്കലാക്കി മുങ്ങുന്നതിന്റെ ചില റീൽ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ കാണാറുണ്ട്. ഇതിന് സമാനമായ തട്ടിപ്പ് തന്നെയാണ് ഇപ്പോൾ ഇവിടെയും നടന്നിരിക്കുന്നത്.




Feedback and suggestions