ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം സെപ്റ്റംബർ 28 മുതൽ; പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി


20, September, 2026
Updated on 20, September, 2026 2


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബർ 28-ന് ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിലെ ‘പുതിയ സർക്കാർ പുതിയ കേരളം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതിയെ കൂടുതൽ ജനകീയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനൊപ്പം തന്നെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ ജനപിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

‘തൂഫാൻ സ്ട്രൈക്ക്’, ‘തൂഫാൻ എഡ്യൂക്കേറ്റ്’, ‘തൂഫാൻ കെയർ’ എന്നിങ്ങനെ മൂന്ന് പ്രധാന തലങ്ങളിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങൾ വൻ വിജയമായിരുന്നുവെന്നും പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും അമ്മമാരിൽ നിന്നും വലിയ പ്രശംസ നേടാൻ പദ്ധതിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് ലഹരിവിരുദ്ധ പോരാട്ടം

ലഹരിക്കടത്ത് ഫലപ്രദമായി തടയുന്നതിനായി അയൽ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജൻസികളുമായും സഹകരിച്ച് സംയുക്ത പരിശോധനകളും പ്രവർത്തനങ്ങളും ശക്തമാക്കും. ഇതിന്റെ ഭാഗമായി അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായും കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമായും ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി സഹകരിച്ച് രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ദീർഘകാല പ്രവർത്തനങ്ങളിൽ കേരള പോലീസ് മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല കേസ് അന്വേഷണം സുതാര്യമായി തുടരും

ശബരിമല സ്വർണ്ണക്കവർച്ച കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നത്. കേസിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനൽകി. പോലീസ് അന്വേഷണങ്ങളിൽ സുതാര്യതയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നും ക്രമസമാധാന പാലനത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




Feedback and suggestions