21, September, 2026
Updated on 21, September, 2026 2
ഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും ഭാര്യ ക്യോകോ ജയശങ്കറിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 2002-ലെ മുൻ വോട്ടർപട്ടികയിലെ രേഖകളുമായി നിലവിലെ വിവരങ്ങൾ ബന്ധിപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് ഇരുവരെയും ‘അൺമാപ്പ്ഡ് വിത്ത് ലാസ്റ്റ് എസ്‌ഐആർ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നോട്ടീസ് നൽകിയത്.ഡൽഹി മണ്ഡലത്തിലെ സുന്ദർ ബാഗിലാണ് ഇരുവരും വോട്ടർമാരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മന്ത്രിക്കും ഭാര്യയ്ക്കും പുറമെ മുൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, സിബിഐ ഡയറക്ടർ പ്രവീൺ സൂദ്, മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയുടെ കുടുംബാംഗങ്ങൾ, മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായിയുടെ കുടുംബം എന്നിവർക്കും സമാനമായി നോട്ടീസ് അയച്ചിട്ടുണ്ട്.എന്നാൽ നോട്ടീസ് അയച്ചതുകൊണ്ട് മാത്രം വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യില്ലെന്നും, ബന്ധപ്പെട്ടവർക്ക് മറുപടിയും തെളിവുകളും സമർപ്പിക്കാൻ അവസരം നൽകുമെന്നും ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. ഒക്ടോബർ 29-ഓടെ നോട്ടീസുകളിൽ തീർപ്പുണ്ടാക്കി അന്തിമ വോട്ടർപട്ടിക നവംബർ നാലിന് പ്രസിദ്ധീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.