23, September, 2026
Updated on 23, September, 2026 8
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരികയായിരുന്ന 'എം.വി കേപ് ദാവോ' (MV Cape Dao) എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ആന്റിഗ്വ ആന്റ് ബാർബുഡയുടെ പതാകയേന്തിയ ഈ കപ്പലിൽ ആകെയുണ്ടായിരുന്ന 19 ഇന്ത്യൻ ജീവനക്കാരിൽ ഒരാളാണ് ക്രൂരമായ ഈ ആക്രമണത്തിൽ മരണപ്പെട്ടത്. കൊല്ലപ്പെട്ടത് ഉത്തർപ്രദേശ് സ്വദേശിയായ സൂരജ് യാദവ് എന്ന വൈപ്പർ തസ്തികയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനാണെന്ന് സംഘടനകൾ സ്ഥിരീകരിച്ചു.സ്ട്രെയിറ്റ് ഓഫ് ഹോർമുസിന് സമീപത്തു വെച്ച് ടോർപ്പിഡോ ഉപയോഗിച്ചാണ് കപ്പലിന് നേരെ ആക്രമണം നടന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ഒമാനിലെ ഇന്ത്യൻ എംബസി അധികൃതർ ഒമാൻ സർക്കാരുമായും നാവികസേനയുമായും ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മറ്റ് 18 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. മരണപ്പെട്ട നാവികന്റെ കുടുംബത്തോട് അനുശോചനം അറിയിച്ച എംബസി, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
സമീപകാലത്തായി ചെങ്കടലിലും പേർഷ്യൻ ഉൾക്കടലിലും കപ്പലുകൾക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആഗോള സമുദ്ര ഗതാഗതത്തിന് വൻ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് വോയ്‌സ് ഓഫ് സീഫാറർ സംഘടനകൾ ആവശ്യപ്പെട്ടു. സംഘർഷമേഖലകളിൽ സർവീസ് നടത്തുന്ന കപ്പലുകളിലെ ജീവനക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.