26, September, 2026
Updated on 26, September, 2026 11
ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളുമായി പുതിയ ഉഭയകക്ഷി നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനായി പരിഷ്കരിച്ച മോഡൽ ഉഭയകക്ഷി നിക്ഷേപ കരാറിൻ്റെ അന്തിമ രൂപരേഖ ധനമന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. വരും ആഴ്ചകളിൽ ഇതിന് കാബിനറ്റ് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക രാജ്യങ്ങളും എതിർത്ത 2015-ലെ മുൻ മോഡൽ ബി.ഐ.ടിയെ പൂർണ്ണമായും മാറ്റിസ്ഥാപിച്ചാണ് പുതിയ രീതി അവതരിപ്പിക്കുന്നത്.പുതിയ കരട് പ്രകാരം നിക്ഷേപകർക്ക് അന്താരാഷ്ട്ര ആർബിട്രേഷനെ സമീപിക്കാനുള്ള കാലാവധി നിലവിലെ അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചിട്ടുണ്ട്. നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം നികുതി, ആഭ്യന്തര കോടതികൾ എന്നിവയുമായി ബന്ധപ്പെട്ട രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കുമെന്നും നികുതി വ്യവസ്ഥകൾ പാർലമെൻ്റിൻ്റെ അധികാരപരിധിയിൽ നിലനിർത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനൊപ്പം പൂർണ്ണമായ നിക്ഷേപ ഉടമ്പടിയും ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും വ്യക്തമാക്കി. കാനഡ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവരുമായുള്ള ചർച്ചകളിലും ഈ പുതിയ മാതൃക ഉപയോഗിക്കും.