25, September, 2026
Updated on 25, September, 2026 6
തമിഴ്‌നാട്ടിലെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി എന്നീ പാർട്ടികൾ തമ്മിൽ അടിയൊഴുക്കുകളും രഹസ്യ ധാരണകളുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയമായി എതിർചേരിയിലാണെന്ന് അവകാശപ്പെടുമ്പോഴും പ്രധാന വിഷയങ്ങളിൽ ഈ മൂന്ന് പാർട്ടികളും ഒത്തുകളിക്കുകയാണെന്ന് മധുരാന്തകം മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെ വിജയ് സൂചിപ്പിച്ചു.ഡി.എം.കെ സർക്കാരിന്റെയും മുൻ എ.ഐ.എ.ഡി.എം.കെ ഭരണത്തിന്റെയും കാലത്തുണ്ടായ അഴിമതികളും വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബവും ജനങ്ങളുടെ പണം കവർന്നെടുക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം സ്വന്തം അമ്മയെയും സഹോദരിമാരെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണങ്ങളെ ശക്തമായി അപലപിച്ചു. മുൻ ഭരണകാലത്ത് ഉയർന്ന ചില വിവാദ കേസുകളിൽ പ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന മൗനം അവരുടെ പരസ്പര ധാരണയ്ക്ക് തെളിവാണെന്നും അദ്ദേഹം വാദിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അഴിമതിരഹിതവും സുതാര്യവുമായ ഭരണം ഉറപ്പുനൽകാനാണ് തന്റെ പാർട്ടി ലക്ഷ്യമിടുന്നതെന്ന് വിജയ് വ്യക്തമാക്കി. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതുൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ടി.വി.കെ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേവലം രാഷ്ട്രീയ അങ്കത്തിനപ്പുറം ജനങ്ങളുടെ കുടുംബാംഗമായാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിക്ക് തിളക്കമാർന്ന വിജയം നൽകണമെന്നും ജനങ്ങളോട് വിജയ് അഭ്യർത്ഥിച്ചു.