25, September, 2026
Updated on 25, September, 2026 9
വാഷിങ്‌ടൺ: യു.എസ്. സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്നൊരുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിർണായകമായ ഉച്ചകോടിക്കും ഔദ്യോഗിക ചർച്ചകൾക്കും ശേഷമാണ് വ്യാഴാഴ്ച വൈകുന്നേരം ഷിക്കും ചൈനീസ് പ്രതിനിധി സംഘത്തിനുമായി ട്രംപ് ആഡംബരപൂർണമായ സ്റ്റേറ്റ് ഡിന്നർ നൽകിയത്.ചൈനീസ് പ്രസിഡന്റിനും ഭാര്യ പെങ് ലിയുവാന്നും വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ ഡൊണാൾഡ് ട്രംപും പ്രഥമവനിത മെലാനിയ ട്രംപും ചേർന്ന് സ്വീകരണം നൽകി. ടെക്, വ്യവസായ മേഖലകളിലെ വൻതോക്കുകളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്ല-സ്‌പേസ് എക്സ് മേധാവി ഇലോൺ മസ്‌ക്, മെറ്റാ തലവൻ മാർക്ക് സക്കർബർഗ്, ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ, ഡെൽ ടെക്‌നോളജീസ് സി.ഇ.ഒ. മൈക്കിൾ ഡെൽ, എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്, ഓപ്പൺ എ.ഐ. സി.ഇ.ഒ. സാം ആൾട്ട്മാൻ, സിറ്റിഗ്രൂപ്പ് സി.ഇ.ഒ. ജെയ്ൻ ഫ്രേസർ, ആപ്പിൾ മുൻ സി.ഇ.ഒ. ടിം കുക്ക് തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു.വെള്ളിയാഴ്ച ഷി ജിൻപിങ്ങും ഭാര്യയും ട്രംപ് ദമ്പതിമാർക്കൊപ്പം സ്വകാര്യ ചായസൽക്കാരത്തിലും പങ്കെടുക്കും. തുടർന്ന് നാഷണൽ ആർക്കൈവ്സ് സന്ദർശിച്ച് ചരിത്രരേഖകൾ വിലയിരുത്തിയ ശേഷം ഷി ജിൻപിങ് ബീജിങ്ങിലേക്ക് മടങ്ങുമെന്നാണ് വിവരം.