ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം


29, September, 2026
Updated on 29, September, 2026 9



ഇന്ത്യ ആസ്ഥാനമായ എസ്സാർ ഗ്രൂപ്പ് അമേരിക്കയിലെ അയോവയിൽ 15 ബില്യൺ ഡോളർ നിക്ഷേപത്തിൽ വൻ സ്റ്റീൽ പ്ലാന്റ് നിർമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കുമിതെന്നാണ് ട്രംപിന്റെ അവകാശവാദം. എസ്സാർ ഗ്രൂപ്പിന്റെ യുഎസ് ഉപസ്ഥാപനമായ മെസാബി മെറ്റാലിക്സാണ് പദ്ധതി നടപ്പാക്കുന്നത്.അയോവയിൽ നിർമിക്കുന്ന പ്ലാന്റിൽ 2030ഓടെ സ്റ്റീൽ ഉൽപാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ പ്രതിവർഷം 7.5 ദശലക്ഷം ടൺ സ്റ്റീൽ ഉൽപാദിപ്പിക്കാനാണ് പദ്ധതി. പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ ഉൽപാദനശേഷി ഏകദേശം 10 ദശലക്ഷം ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ അയോവയിൽ 1,750 സ്ഥിരം തൊഴിലവസരങ്ങളും നിർമാണ ഘട്ടത്തിൽ 6,000 വരെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.




പദ്ധതിക്ക് ആവശ്യമായ ഇരുമ്പയിര് മെസാബി മെറ്റാലിക്സ് മിനസോട്ടയിലെ മെസാബി അയൺ റേഞ്ചിൽ വികസിപ്പിച്ച പുതിയ ഖനിയിൽ നിന്നാകും ലഭ്യമാക്കുക. ഏകദേശം 2.5 ബില്യൺ ഡോളർ നിക്ഷേപമുള്ള ഈ ഖനി പ്രതിവർഷം 7.5 ദശലക്ഷം ടൺ ഇരുമ്പയിര് ഉൽപാദിപ്പിക്കുമെന്നാണ് കണക്ക്. അമേരിക്കയിൽ 50 വർഷത്തിനിടെ ആരംഭിക്കുന്ന ആദ്യ പുതിയ ഇരുമ്പയിര് ഖനിയാണിതെന്നും അധികൃതർ പറയുന്നു.




ഖനനം മുതൽ സ്റ്റീൽ ഉൽപാദനം വരെയുള്ള ഒരു ആഭ്യന്തര വിതരണ ശൃംഖലയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മിനസോട്ടയിൽ ഖനനം ചെയ്യുന്ന പ്ലാന്റിലെത്തിച്ച് സ്റ്റീലാക്കി മാറ്റും. പദ്ധതിക്കായി അമേരിക്കൻ എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് 10 ബില്യൺ ഡോളർ വരെ ധനസഹായം നൽകാനുള്ള പ്രതിബദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.അമേരിക്കൻ സ്റ്റീൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയാണ് കമ്പനികളെ രാജ്യത്തിനകത്ത് നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസിലെ സ്റ്റീൽ വ്യവസായം വീണ്ടും ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപിന്റെ തീരുവ നയത്തെക്കുറിച്ച് അമേരിക്കയിൽ രാഷ്ട്രീയ ഭിന്നത തുടരുന്നുണ്ട്.എസ്സാർ ഗ്രൂപ്പിന്റെ സഹസ്ഥാപകൻ രവി റൂയിയയും മകൻ, മെസാബി മെറ്റാലിക്സ് ചെയർമാനുമായ റീവന്ത് റൂയിയയും വൈറ്റ് ഹൗസിലെ പ്രഖ്യാപനത്തിൽ ട്രംപിനൊപ്പം പങ്കെടുത്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്ലാന്റ് വലുപ്പം, ഗുണനിലവാരം, ചെലവ് എന്നിവയിൽ ലോകത്തെ പ്രധാന സ്റ്റീൽ പ്ലാന്റുകളുമായി മത്സരിക്കുമെന്ന് റീവന്ത് റൂയിയ പറഞ്ഞു.അമേരിക്കയിലെ സ്റ്റീൽ ഉൽപാദനം വർധിപ്പിക്കുകയും ഖനനം മുതൽ നിർമ്മാണം വരെയുള്ള ആഭ്യന്തര വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2030ൽ ഉൽപാദനം ആരംഭിക്കാനാണ് നിലവിലെ പദ്ധതി.


























Feedback and suggestions