യഥാർത്ഥ ഹീറോ', അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു


1, October, 2026
Updated on 1, October, 2026 4


'

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് എഫ്.സി 1073 വിമാനത്തിൽ സഹപൈലറ്റിന്റെ അക്രമത്തെ ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യഥാർത്ഥ നായകനെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിൽ ഇന്ത്യൻ പൈലറ്റിന്റെ ധീരതയെ ഇസ്രായേൽ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി. വിമാനം തകർക്കാൻ ശ്രമിച്ച ഒമാൻ സ്വദേശിയായ സഹപൈലറ്റിന്റെ കുത്തേറ്റ് കടുത്ത മുറിവേറ്റിട്ടും, ധീരമായി പോരാടിയ മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. ആ സാഹചര്യത്തിലും കോക്പിറ്റിന്റെ വാതിൽ അദ്ദേഹം തുറന്നു കൊടുത്തതിനാലാണ് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ജീവൻ രക്ഷിക്കാൻ ആയതെന്നും ഇസ്രായേൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തുടർന്ന് യാത്രക്കാരും ക്രൂ അംഗങ്ങളും ഉള്ളിലേക്ക് ഇരച്ചുകയറിയാണ് അക്രമിയെ കീഴടക്കിയത്. മച്ചാറിന്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കിയെന്നും അദ്ദേഹം കാണിച്ച അസാമാന്യ ധീരതയ്ക്ക് ആദരവ് അർപ്പിക്കുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. 


വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ ഭയന്ന യാത്രക്കാർ കോക്പിറ്റിൽ നിന്ന് ബഹളം കേട്ട് അങ്ങോട്ട് ഓടിയെത്തുകയായിരുന്നു. അക്രമിയെ കെട്ടിയിട്ട ശേഷം വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ദന്തഡോക്ടറായ യാത്രക്കാരൻ പരിക്കേറ്റ് രക്തം വാർന്ന സ്മിത് മച്ചാറിന് പ്രാഥമിക ശുശ്രൂഷ നൽകി.


തുടർന്ന് സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ പിന്നീട് ഇസ്രായേലിൽ തിരിച്ചെത്തിയപ്പോൾ നെതന്യാഹു നേരിട്ടെത്തി അവരെ കാണുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അക്രമിയായ സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.




Feedback and suggestions