മിസൈൽ പരിധി കൂട്ടി ഇറാൻ; പരിധി കൂട്ടിയത് അമേരിക്കൻ താവളങ്ങളുടെ ദൂരം കണക്കാക്കി …


5, October, 2026
Updated on 5, October, 2026 6


ദുബായ്: അമേരിക്കൻ സൈനിക താവളങ്ങളുടെ ദൂരം കണക്കിലെടുത്ത് മിസൈലുകളുടെ പരിധി വർധിപ്പിക്കാനുള്ള നീക്കവുമായി ഇറാൻ. ഇറാൻ തീരത്തുനിന്ന് അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ചില മേഖലകൾക്ക് ഏകദേശം 1,000 കിലോമീറ്റർ ദൂരമുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് മിസൈൽ ശേഷി വർധിപ്പിക്കുന്നതെന്ന് ഇറാൻ സൈന്യം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. യുദ്ധത്തിനിടെ മിസൈലുകളുടെ പരിധി കൂട്ടേണ്ടതിന്റെ ആവശ്യകത വ്യക്തമായെന്നും ഇറാൻ സൈനിക വക്താവ് പറഞ്ഞു.


അമേരിക്ക–ഇറാൻ സംഘർഷത്തിന് സൈനിക പരിഹാരമില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ബോംബുകൾ ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാനാകില്ലെന്നാണ് ഇത്രയും നാളത്തെ പോരാട്ടം പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക വീണ്ടും സൈനിക നടപടിയിലേക്ക് നീങ്ങിയാൽ അതിനേക്കാൾ ശക്തമായി തിരിച്ചടിക്കാൻ ഇറാൻ തയ്യാറാണെന്നും അറഗ്ചി മുന്നറിയിപ്പ് നൽകി. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടും ഇറാൻ ആവർത്തിച്ചു. ഏഴ് വ്യവസ്ഥകൾ പാലിക്കുന്നതുവരെ കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ നിലവിലെ നിലപാട്.അതിനിടെ യെമനിലും സംഘർഷം കൂടുതൽ രൂക്ഷമായി. ഹൂതി വിമതർ റിയാദിലെ സൗദി അരാംകോ കേന്ദ്രത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ആക്രമണസ്ഥലത്തിന് സമീപം തീയും പുകയും കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്. അതേസമയം, യെമനിലെ ഔദ്യോഗിക ഭരണകൂടം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൈനിക നടപടി ആരംഭിച്ചതായി പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ റഷാദ് അൽ അലീമി അറിയിച്ചു. യെമൻ സേന 97 ആക്രമണങ്ങൾ നടത്തിയെന്നും 260 ഹൂതി അംഗങ്ങൾക്ക് പരുക്കേൽപ്പിച്ചെന്നും 44 സൈനിക വാഹനങ്ങൾ തകർത്തതായും അവകാശപ്പെട്ടു.ഹൂതികൾ തായിസിനെയും ഏദനെയും ബന്ധിപ്പിക്കുന്ന പ്രധാന പാത തകർത്തതായും അൽ സഫിയ മേഖല പൂർണമായി നിയന്ത്രണത്തിലാക്കിയതായും പൊലീസ് സ്റ്റേഷൻ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഹൂതി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നിവ ഉൾപ്പെടുന്ന മക്ക പ്രതിരോധ സഖ്യത്തിന്റെ യോഗവും റിയാദിൽ ചേരും. മേഖലയിൽ സൈനിക സമ്മർദം ശക്തമാകുന്നതിനിടെ ഇറാന്റെ മിസൈൽ ശേഷി വർധിപ്പിക്കലും ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട കടുത്ത നിലപാടും യെമനിലെ ഹൂതി പോരാട്ടവും ചേർന്ന് പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാക്കുകയാണ്.






Feedback and suggestions