5, October, 2026
Updated on 5, October, 2026 5
ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ അസാധാരണമായ ഉഷ്ണതരംഗം തുടരുന്നതിനിടെ മൂന്നരക്കോടിയിലധികംപേര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഞായറാഴ്ച ഉച്ചയോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അപകടകരമായ ചൂടാണ് അനുഭവപ്പെട്ടത്. സാധാരണ ഒക്ടോബര്‍ മാസത്തിലെ താപനിലയേക്കാള്‍ വളരെ ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ മുതല്‍ മെക്‌സിക്കോ അതിര്‍ത്തി വരെയുള്ള പ്രദേശങ്ങളില്‍ താപനില 90 മുതല്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയെത്തുമെന്നാണ് മുന്നറിയിപ്പ്.
ലോസ് ആഞ്ചലസിലും സാന്‍ ഡിയഗോയിലും അതിശക്തമായ ചൂട് മുന്നറിയിപ്പ് തുടരുകയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയിലും സാക്രമെന്റോയിലും ഞായറാഴ്ച ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഞായറാഴ്ച ഉച്ചയോടെ ലോസ് ആഞ്ചലസ് നഗരമധ്യത്തില്‍ 104 ഡിഗ്രിയും ബേക്കേഴ്‌സ്ഫീല്‍ഡില്‍ 103 ഡിഗ്രിയും വരെ താപനില ഉയര്‍ന്നു. സാന്‍ ഡിയാഗോയിലും സാക്രമെന്റോയിലും താപനില 90 ഡിഗ്രിക്ക് മുകളിലെത്തി. തെക്കന്‍ കാലിഫോര്‍ണിയയിലെ അതിശക്തമായ ചൂട് സംബന്ധിച്ച മുന്നറിയിപ്പ് പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി എട്ട് വരെ തുടരും. ശനിയാഴ്ച അനാഹൈം, സാന്‍ ഡിയാഗോ ഉള്‍പ്പെടെ തെക്കന്‍ കാലിഫോര്‍ണിയയിലെ കുറഞ്ഞത് എട്ട് നഗരങ്ങളില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. അനാഹൈമിലും സാന്‍ ഡിയാഗോയിലും 105 ഡിഗ്രിയും സാന്താ അനയില്‍ 107 ഡിഗ്രിയും രേഖപ്പെടുത്തി.സാന്‍ ഡിയാഗോയ്ക്ക് വടക്കുള്ള വിസ്റ്റയില്‍ ഞായറാഴ്ച 108 ഡിഗ്രി താപനില രേഖപ്പെടുത്തി. ഇതോടെ അന്നത്തെ താപനില റെക്കോര്‍ഡ് തകര്‍ന്നതിനൊപ്പം 1985 ജൂണ്‍ 30ന് രേഖപ്പെടുത്തിയ പ്രദേശത്തെ എക്കാലത്തെയും ഉയര്‍ന്ന താപനിലയ്ക്കും തുല്യമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചൂട് പടിഞ്ഞാറന്‍ യുഎസിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ച തെക്കന്‍ ഐഡഹോയും മൊണ്ടാനയും ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലകളില്‍ പോലും താപനില 80 ഡിഗ്രിക്കു മുകളിലേക്ക് എത്തും. ബോയ്‌സിലും ബില്ലിംഗ്‌സിലും പ്രതിദിന താപനില റെക്കോര്‍ഡുകള്‍ മറികടക്കാന്‍ സാധ്യതയുണ്ട്. ഡെന്‍വറിലും തിങ്കളാഴ്ച ഉച്ചയോടെ 80 ഡിഗ്രിക്കും മുകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.