19, October, 2026
Updated on 19, October, 2026 9
ഒട്ടാവ: കാനഡയിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ വന്‍ സ്ഫോടനത്തിലും തുടര്‍ന്നുണ്ടായ തീപിടിത്തത്തിലും നിരവധി പേര് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആല്‍ബര്‍ട്ട പ്രവിശ്യയിലെ കനേഡിയന്‍ ഫോഴ്സസ് ബേസ് വെയ്ന്റൈറ്റില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്ന് തീ അതിവേഗം പടര്‍ന്ന് സൈനിക കേന്ദ്രത്തിന്റെ അതിര്‍ത്തി കടന്ന് സമീപത്തെ ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.സ്ഫോടനത്തില്‍ കുറഞ്ഞത് നാല് സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി സൈനീകര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഞായറാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. സമാധാനകാലത്ത് കാനഡയുടെ മണ്ണില്‍ സൈന്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സമീപകാലത്ത് ഇത്തരമൊരു സംഭവം ഓര്‍മയിലില്ലെന്ന് ദേശീയ പ്രതിരോധമന്ത്രി ഡേവിഡ് മക്ഗിന്റ്റി പറഞ്ഞു.
സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി സൈനിക അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്കാന് കഴിയില്ലെന്നും സ്ഥിതിഗതികള്‍ അതീവ ഗൗരവമുള്ളതാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ് സ്ഫോടനമെന്നതിന് നിലവില്‍ സൂചനകളൊന്നുമില്ലെന്ന് കാനഡയുടെ ദേശീയ പ്രതിരോധ വകുപ്പ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് സൈനിക കേന്ദ്രത്തിലെ പരിശീലന മേഖലയില്‍ തീപിടിത്തമുണ്ടായത്. തീ അതിവേഗം പടര്‍ന്നതോടെ സൈനികരും സിവിലിയന്‍ അടിയന്തരസേവന വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനും തീ നിയന്ത്രിക്കാനുമായി രംഗത്തെത്തി. സംഭവത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കിവരികയാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സ്ഫോടനത്തിനും വന്‍ തീപിടിത്തത്തിനും കാരണമായ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി കാര്‍ണി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ട സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ് തങ്ങളെന്ന് ആല്‍ബര്‍ട്ട പ്രവിശ്യാ മുഖ്യമന്ത്രി ഡാനിയേല്‍ സ്മിത്തും പ്രതികരിച്ചു.നാറ്റോ മിലിട്ടറി കമ്മിറ്റി ചെയര്മാന് അഡ്മിറല്‍ ഗ്യൂസെപ്പെ കാവോ ഡ്രാഗണും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. കാനഡ ഈ ദുഃഖം ഒറ്റയ്ക്ക് നേരിടേണ്ടതില്ലെന്നും നാറ്റോയിലെ 32 അംഗരാജ്യങ്ങളിലെയും പ്രതിരോധ മേധാവികള്‍ കനേഡിയന്‍ സായുധസേനയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ സൈനിക പരിശീലന കേന്ദ്രങ്ങളിലൊന്നാണ് വെയ്ന്റൈറ്റ്. യുദ്ധസാഹചര്യങ്ങളെ അനുകരിച്ചുള്ള പരിശീലനങ്ങള്‍ നടത്തുന്ന കനേഡിയന്‍ മാനൂവര് ട്രെയിനിങ് സെന്ററും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.