ഫ്രാൻസ് ‘കത്തുന്നു’; കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ട്രംപ്! അതിർത്തികൾ അടയ്ക്കണമെന്ന് ആഹ്വാനം


19, October, 2026
Updated on 19, October, 2026 9


വാഷിങ്ടൺ: ഫ്രാൻസിലെ പ്രതിഷേധങ്ങളും സംഘർഷങ്ങളും കുടിയേറ്റവുമായി ബന്ധപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. കുടിയേറ്റം ഒരിക്കൽ മഹത്തരമായിരുന്ന ഫ്രാൻസിനെ തകർക്കുകയാണെന്നും വൈകുംമുമ്പ് അതിർത്തികൾ അടച്ച് നിയന്ത്രണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രതികരണം നടത്തിയത്.ഫ്രാൻസ് കത്തുകയാണ്. തികച്ചും വ്യത്യസ്തമായ ലോകത്തുനിന്നുള്ളവരും ഹൃദയത്തിൽ വെറുപ്പുള്ളവരുമായ ആളുകളുടെ കുടിയേറ്റം ഒരിക്കൽ മഹത്തരമായിരുന്ന രാജ്യത്തെ തകർത്തിരിക്കുന്നു. ഏറെ വൈകിപ്പോകുന്നതിനുമുമ്പ് അതിർത്തികൾ അടയ്ക്കുക, നിയന്ത്രണം ഏറ്റെടുക്കുക’ എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ കുടിയേറ്റമാണെന്ന ആരോപണവുമായി നേരത്തേ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്തെത്തിയിരുന്നു.വിദ്യാഭ്യാസം, തൊഴിൽസാഹചര്യങ്ങൾ, പൊതുചെലവ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഫ്രാൻസിൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളിൽ 5.5 ലക്ഷം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. തലസ്ഥാനമായ പാരീസിൽ മാത്രം 1.1 ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിനിടെ വിവിധ നഗരങ്ങളിൽ കെട്ടിടങ്ങൾ ആക്രമിക്കപ്പെടുകയും ചിലത് അഗ്നിക്കിരയാക്കുകയും ചെയ്തു.പാരീസിൽ കടകളും ഭക്ഷണശാലകളും ആക്രമിക്കപ്പെട്ടപ്പോൾ ബോർഡോയിൽ ആപ്പിൾ, ലൂയി വിറ്റൺ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകൾക്കുനേരെയും ആക്രമണമുണ്ടായി. അവിടെനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധങ്ങളുടെ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ കുടിയേറ്റത്തെ കുറ്റപ്പെടുത്തിയ ട്രംപിന്റെ പ്രസ്താവന ഫ്രാൻസിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.




‘






Feedback and suggestions