19, October, 2026
Updated on 19, October, 2026 8
ഇസ്രായേലിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശനയത്തിൽ നിർണായക മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഭാവിയിൽ അമേരിക്കയിൽ ഇസ്രായേലിനോട് ശത്രുത പുലർത്തുന്ന ഒരു പുതിയ പ്രസിഡന്റോ ഭരണകൂടമോ അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരം ഒരു സാഹചര്യം മുന്നിൽ കണ്ട് ഇസ്രായേൽ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ വിപുലീകരിക്കേണ്ടതുണ്ടെന്നും അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് സുരക്ഷിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന പ്രതിസന്ധികൾ നേരിടാൻ ഇന്ത്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവയുമായി ശക്തമായ പുതിയ പങ്കാളിത്തം രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. പ്രഭാഷണത്തിനിടെ ഇന്ത്യയെ ഒരു വൻശക്തിയായി വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുമായുള്ള ബന്ധം തങ്ങൾക്ക് ഏറെ നിർണായകമാണെന്ന് വ്യക്തമാക്കി. ആഗോളതലത്തിൽ തങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം കൂട്ടുന്നതിനും പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പുതിയ നയതന്ത്ര തന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ നീക്കങ്ങൾ വിശദീകരിച്ചത്.അതേസമയം, ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെതന്യാഹു നടത്തിയ ഈ പ്രസ്താവന രാഷ്ട്രീയ നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനങ്ങളിൽ ഭയം സൃഷ്ടിച്ച് വോട്ട് നേടാനുള്ള തന്ത്രമാണ് നെതന്യാഹു പയറ്റുന്നതെന്ന് മുൻ സൈനിക മേധാവിയും പ്രതിപക്ഷ നേതാവുമായ ഗാഡി ഐസൻകോട്ട് വിമർശിച്ചു. മുൻപ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഭാവിയിലെ രാഷ്ട്രീയ മാറ്റങ്ങൾ ഇസ്രായേലിന്റെ അന്താരാഷ്ട്ര നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്ക നെതന്യാഹു ഉറപ്പിച്ചുപറയുന്നു.