19, October, 2026
Updated on 19, October, 2026 12
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെ പ്രതിപക്ഷ സഖ്യം രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുന്നതിനിടയിൽ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയതായി റിപ്പോർട്ട്. ഞായറാഴ്ച രാത്രിയോടെ അദ്ദേഹം വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്ക് വിമാനം കയറിയെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഈ പെട്ടെന്നുള്ള വിദേശ യാത്രയെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും കേന്ദ്ര സർക്കാരിനും എതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങളുമായി തെരുവിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്ന നിർണായക സമയത്താണ് ഈ യാത്ര. മുൻപും നിർണായക രാഷ്ട്രീയ സാഹചര്യങ്ങളിലും തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും രാജ്യം വിടുന്ന രാഹുൽ ഗാന്ധിയുടെ പതിവ് രീതിയാണ് ഇവിടെയും ആവർത്തിക്കപ്പെട്ടിരിക്കുന്നത്. ജനകീയ പ്രശ്നങ്ങളിലും സമരങ്ങളിലും ഗൗരവകരമായ നിലപാട് സ്വീകരിക്കുന്നതിന് പകരം, തക്കം കിട്ടുമ്പോഴെല്ലാം വിദേശങ്ങളിലേക്ക് പോകുന്ന രാഹുലിന്റെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഇതോടെ കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ ആയിരിക്കുകയാണ്.
നേരത്തെ, തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനും വേണ്ടിയാണ് വോട്ടർ പട്ടിക പരിഷ്കരണത്തെ രാഹുൽ ഗാന്ധി രാഷ്ട്രീയ ആയുധമാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചിരുന്നു. വലിയ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച ശേഷം സ്വന്തം പ്രവർത്തകരെ തെരുവിൽ തനിച്ചാക്കി വിദേശത്തേക്ക് പോയത് കോൺഗ്രസിനുള്ളിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഉത്തരവാദിത്തമില്ലാത്ത ഇത്തരം വിദേശ യാത്രകൾ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൗരവത്തെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.