Leopard Attack
21, June, 2025
Updated on 21, June, 2025 47
തമിഴ്നാട് വാൽപ്പാറയിൽ നാലരവയസ്സുകാരിയെ പുലി പിടിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്.
കുട്ടി വീടിന് മുന്നിൽ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികൾ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് ഓടി മറഞ്ഞു.
പ്രദേശവാസികൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ജാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ ജോലിക്ക് എത്തിയത്. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സും വനം വകുപ്പും നാട്ടുകാരും ചേർന്ന് കുട്ടിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്.