24, October, 2026
Updated on 24, October, 2026 3
അരുണാചൽ പ്രദേശിലെ ഇന്ത്യ–ചൈന അതിർത്തിയിൽ വീണ്ടും സംഘർഷമുണ്ടായെന്ന നിർണായക വെളിപ്പെടുത്തലുമായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ. യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം ജൂലൈ മുതൽ വിവിധയിടങ്ങളിൽ സൈനികർ തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു. കിഴക്കൻ അതിർത്തിയിലെ സംഘർഷാവസ്ഥയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക സ്ഥിരീകരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ മാസം വിരമിക്കാനിരിക്കെയാണ് സേനയുടെ വാർഷിക അനുമോദനച്ചടങ്ങിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നാലെ, അതിർത്തിയിലെ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
അപ്പർ സുബൻസിരി ജില്ലയിലെ തക്സിങ് മേഖലയിലാണ് ജൂലൈയിൽ തുടങ്ങിയ സംഘർഷം തുടരുന്നതെന്ന് ശത്രുജീത് കപൂർ പറഞ്ഞു. ഉയർന്ന മലനിരകളിലെ പോരാട്ടത്തിനായി പ്രത്യേകം സജ്ജമാക്കിയ ‘ശൗര്യ കമാൻഡോകൾ’ ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് അതിർത്തി ഏറ്റവും വെല്ലുവിളി നിറഞ്ഞ മേഖലയാണെന്നും എല്ലാ യൂണിറ്റുകളിലും ഡ്രോൺ പ്ലാറ്റൂണുകൾ സജ്ജമാക്കൽ, ഗാൽവാൻ മാതൃകയിലുള്ള സംഘർഷങ്ങളെ നേരിടാൻ പ്രത്യേക പരിശീലനം നൽകൽ, ഭൂഗർഭ ബങ്കറുകളുടെ നിർമാണം വേഗത്തിലാക്കൽ തുടങ്ങിയ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ തക്സിങ്, മാസ, ഗലേമോ മേഖലകളിൽ ചൈനീസ് സേന കടന്നുകയറിയതായി പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. എന്നാൽ, ചൈനീസ് സൈന്യം 60 കിലോമീറ്റർ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുവെന്ന വാദം മുഖ്യമന്ത്രി പേമ ഖണ്ഡു, ആഭ്യന്തരമന്ത്രി മാമ നതുങ്, കേന്ദ്രമന്ത്രി കിരൺ റിജിജു എന്നിവർ തള്ളിയിരുന്നു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച പല ദൃശ്യങ്ങളും പഴയതാണെന്നും പി.ഐ.ബി. വസ്തുതാപരിശോധന വിഭാഗം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഐ.ടി.ബി.പി. മേധാവിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ അതിർത്തിയിലെ യഥാർഥ സാഹചര്യം സംബന്ധിച്ച ചർച്ച വീണ്ടും ശക്തമായിരിക്കുകയാണ്.
അതിർത്തിയിലെ സംഘർഷങ്ങളിൽ കേന്ദ്രസർക്കാർ പുലർത്തുന്ന മൗനം ദുരൂഹമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു. ചൈന ഇന്ത്യൻ പ്രദേശങ്ങളുടെ പേരുകൾ മാറ്റുന്നതും 60,000 മെഗാവാട്ടിന്റെ ഭീമൻ അണക്കെട്ട് നിർമിക്കുന്നതും രാജ്യത്തിന്റെ ജല-പാരിസ്ഥിതിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. 2025–26 കാലത്ത് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 11,200 കോടി ഡോളറിലെത്തിയെന്നും ഇതു ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ബാധിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ ചൈനയിൽനിന്നുള്ള ഇറക്കുമതിയായി മാറിയെന്ന വിമർശനവും പാർട്ടി ഉന്നയിച്ചു. 2020-ലെ ഗാൽവാൻ സംഘർഷത്തിനുശേഷം കേന്ദ്രം സ്വീകരിച്ച നയങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അതിർത്തിയിലെ സംഘർഷങ്ങൾക്കൊപ്പം സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള സേനയുടെ നടപടികളും രാഷ്ട്രീയ വിമർശനങ്ങളും വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.