ഓപ്പറേഷൻ സിന്ദൂറിലെ തിളക്കം!": അന്താരാഷ്ട്ര വിപണിയിൽ തരംഗമായി ബ്രഹ്മോസ് മിസൈൽ


23, October, 2026
Updated on 23, October, 2026 4


ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനത്തിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന് ആവശ്യക്കാർ വർധിച്ചതായി ബ്രഹ്മോസ് എയ്റോസ്പേസ് സി.ഇ.ഒ ഡോ. ജയ്തീർത്ത് ആർ. ജോഷി വ്യക്തമാക്കി. ഫിലിപ്പീൻസ് ആണ് ബ്രഹ്മോസിന്റെ ആദ്യ വിദേശ ഉപഭോക്താവെന്നും, വിയറ്റ്‌നാമും ഇന്തോനേഷ്യയും പിന്നാലെ എത്തിയെന്നും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പാകിസ്ഥാന്റെ വ്യോമതാവളങ്ങളിലും പ്രധാന സൈനിക കേന്ദ്രങ്ങളിലും ഇന്ത്യ നടത്തിയ കൃത്യതയാർന്ന പ്രത്യാക്രമണങ്ങളിലാണ് ആദ്യമായി ബ്രഹ്മോസ് മിസൈൽ പോർക്കളത്തിൽ ഉപയോഗിച്ചത്.യുദ്ധവിമാനമായ സുഖോയ്-30എം.കെ.ഐയിൽ നിന്നാണ് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ലക്ഷ്യങ്ങൾക്കായി മിസൈലുകൾ തൊടുത്തുവിട്ടത്. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ചുരങ്ങി കൃത്യതയോടെ ലക്ഷ്യം കണ്ട ബ്രഹ്മോസ്, ലോകത്തിലെ ഏറ്റവും മാരകമായ മിസൈലുകളിൽ ഒന്നായി മാറിയെന്ന് ജോഷി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഖ്‌നൗ യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച് മിസൈലുകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. പാകിസ്ഥാന്റെ ഓരോ ഇഞ്ചും മിസൈലിന്റെ പരിധിയിലാണെന്നും ഓപ്പറേഷൻ സിന്ദൂർ ഒരു 'ട്രെയിലർ' മാത്രമാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഓപ്പറേഷൻ സിന്ദൂരിൽ ബ്രഹ്മോസ് മിസൈലുകൾ കൊണ്ട് സജ്ജീകരിച്ചിരുന്നു. കരയിൽ നിന്നും യുദ്ധക്കപ്പലുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും ഒരുപോലെ വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈൽ നെറ്റ്വർക്ക് സെൻട്രിക് ശേഷിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസൈൽ പൂർണ്ണമായും തദ്ദേശീയമാക്കാനും അതിന്റെ ദൂരപരിധി വർദ്ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ബ്രഹ്മോസ് എയ്റോസ്പേസ് ഇപ്പോൾ. പിലാനി, നാഗ്പൂർ, ലഖ്‌നൗ എന്നിവിടങ്ങളിലായി നിലവിൽ മൂന്ന് ഉൽപ്പാദന കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. റഷ്യയുമായുള്ള അന്തർസർക്കാർ കരാറിന്റെ ഭാഗമായി റഷ്യൻ സായുധ സേനയ്ക്കും ബ്രഹ്മോസ് മിസൈലുകൾ നൽകാൻ ഇന്ത്യ തയ്യാറാണെന്നും ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.





















Feedback and suggestions