27, October, 2026
Updated on 27, October, 2026 3
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ തീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ തീരത്തേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, നാളെ ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചിലപ്പോൾ 140 കിലോമീറ്റർ വരെയുമുള്ള ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്രയിലെ 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിശാഖപട്ടണത്തും ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലും കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. പ്രക്ഷുബ്ധമായ കടലിൽ തിരമാലകൾ 14 മീറ്റർ വരെ ഉയർന്നേക്കാം. മുൻകരുതൽ നടപടിയുടെ ഭാഗമായി ഒഡീഷയിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് 48,000 ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗതാഗത സംവിധാനങ്ങൾ വലിയതോതിൽ നിയന്ത്രിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി സൗത്ത് കോസ്റ്റ് റെയിൽവേ 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കൂടാതെ മോശം കാലാവസ്ഥയെത്തുടർന്ന് 4 വിമാന സർവീസുകൾ റദ്ദാക്കുകയും 4 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിൽ നിന്നുള്ള കൂടുതൽ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ കൃത്യമായി സമയം പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിച്ചു. ആൻഡമാനിലും ഒഡീഷയുടെ വിവിധ ഭാഗങ്ങളിലും സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട് തീരം, തെക്കൻ ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നു. ഇതിന്റെ ആഘാതത്താൽ കേരളത്തിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.