യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ്: ഫലം അംഗീകരിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ട്രംപ്; വീറ്റോ മുന്നറിയിപ്പ്


28, October, 2026
Updated on 28, October, 2026 7


യു.എസ്. ഭരണത്തുടർച്ചയും രാഷ്ട്രീയ സന്തുലനവും നിർണയിക്കുന്ന നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സത്യസന്ധമായാണെങ്കിൽ ഫലം അംഗീകരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടക്കുകയാണെങ്കിൽ ആവശ്യമെങ്കിൽ വീറ്റോ അധികാരം പ്രയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വോട്ടർമാരെ സ്വാധീനിക്കൽ, തിരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾക്കിടെ വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പ്രതികരണം.

തനിക്ക് ശക്തമായ വീറ്റോ അധികാരമുണ്ടെന്നും എന്നാൽ അത് പ്രയോഗിക്കേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ തിരഞ്ഞെടുപ്പുകളിലോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലോ നടക്കുന്ന വോട്ടിങ് തട്ടിപ്പുകളെക്കുറിച്ച് വിശ്വസനീയമായ തെളിവുകൾ നൽകുന്നവർക്ക് പത്തുലക്ഷം ഡോളർ പ്രതിഫലം നൽകുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചിരുന്നു. തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുകയും കോടതി കുറ്റക്കാരാണെന്ന് വിധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാകും പ്രതിഫലം നൽകുക.

യു.എസ്. കോൺഗ്രസിന്റെ ഇരുസഭകളിലെയും നിയന്ത്രണം ആർക്കായിരിക്കുമെന്ന് നിർണയിക്കുന്ന തിരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിന്റെ തുടർന്നയങ്ങളെയും നിയമനിർമാണങ്ങളെയും സ്വാധീനിക്കും. നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് മത്സരം നടക്കുന്നത്.സി.ബി.എസ്. സർവേയിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം


അതിനിടെ, ഞായറാഴ്ച പ്രസിദ്ധീകരിച്ച സി.ബി.എസ്. ന്യൂസ്-യൂഗോവ് അഭിപ്രായസർവേയിൽ ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയേക്കുമെന്ന് പ്രവചിക്കുന്നു. ഡെമോക്രാറ്റുകൾക്ക് 229 സീറ്റുകൾ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിക്ക് സഭയുടെ നിയന്ത്രണം നിലനിർത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഒക്ടോബർ 21 മുതൽ 23 വരെ 2,355 പൗരന്മാരിൽ നടത്തിയ സർവേ പ്രകാരം പണപ്പെരുപ്പം, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങൾ. സ്വന്തം പാർട്ടിയുടെ നയങ്ങളേക്കാൾ എതിർപാർട്ടിയോടുള്ള എതിർപ്പാണ് ഭൂരിഭാഗം പേരെയും നയിക്കുന്നത്. ഡെമോക്രാറ്റ് അനുകൂലികളിൽ ഭൂരിഭാഗവും വോട്ട് രേഖപ്പെടുത്തിയവരോ വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരോ ആണ്. വോട്ടുചെയ്യുന്നതിൽ അനിശ്ചിതത്വം പുലർത്തുന്നവരിൽ റിപ്പബ്ലിക്കൻ അനുഭാവമാണ് കൂടുതൽ. അതിനാൽ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും.





Feedback and suggestions