ഇത് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ച്; നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലിക്ക് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി


29, October, 2026
Updated on 29, October, 2026 1



മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാറാലി വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. റാലിയിൽ പത്തുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാജ്യസഭാ എം.പി. നസീർ ഹുസൈൻ വ്യക്തമാക്കി. റാലിയുടെ വിജയം ഇന്ത്യാസഖ്യത്തിലെ എല്ലാ കക്ഷികളുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും അതിനായി എല്ലാവരും സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ അടക്കമുള്ള പ്രമുഖ നേതാക്കളോട് പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.


ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനും വോട്ടുമോഷണത്തിനെതിരെ പ്രതിരോധം തീർക്കുന്നതിനുമാണ് 'ചലോ ദില്ലി' മാർച്ച് സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം മാർച്ചല്ലെന്നും മറിച്ച് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ചാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവരുടെ നടപടികളിൽ പൊറുതിമുട്ടിയ മുഴുവൻ ജനങ്ങളും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.


പോലീസിനെയോ ലാത്തിയെയും ഓർത്ത് ആരും ഭയപ്പെടേണ്ടതില്ലെന്നും, ഭരണഘടനയെ സംരക്ഷിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ മാർച്ചിൽ അണിനിരക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർഥി സംഘടനകളെയും അദ്ദേഹം റാലിയിലേക്ക് പ്രത്യേകമായി ക്ഷണിച്ചു. രാജ്യത്തിന്റെയും ഓരോ പൗരന്റെയും ആവിഷ്കാര സ്വാതന്ത്ര്യവും ചിന്താരീതിയും ആക്രമിക്കപ്പെടുന്ന ഈ ഘട്ടത്തിൽ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും രാഹുൽ തന്റെ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു.




Feedback and suggestions