എഴുപതു വർഷം മുമ്പ് കേരളം വെട്ടിമുറിച്ചത് ഇന്നും ദുഃഖസ്മൃതി : ചെറിയാൻ ഫിലിപ്പ്


31, October, 2026
Updated on 31, October, 2026 8


എഴുപതു വർഷം മുമ്പ് കേരള സംസ്ഥാനം ഉടലെടുക്കുമ്പോൾ ചരിത്രം, സംസ്ക്കാരം, ഭൂമിശാസ്ത്രം എന്നിവയിൽ ഒരു ഭൂമികയായിരുന്ന കേരളം വെട്ടിമുറിച്ചത് ഇന്നും ഒരു ദുഃഖസ്മൃതിയാണ്.മൂന്നു കൃത്രിമ ഖണ്ഡങ്ങളായിരുന്ന തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളും മലബാർ പ്രവിശ്യയും ഒന്നിപ്പിക്കുന്നതിനാണ് സ്വാതന്ത്യസമരത്തോടൊപ്പം ഐക്യകേരള പ്രക്ഷോഭണം നടത്തിയത്. സ്വാതന്ത്ര്യത്തിനു ശേഷം 1949 ൽ തിരുവിതാംകൂർ -കൊച്ചി സംയോജനം നടത്തിയതോടെ താമസിയാതെ മലബാറും കാസർകോട് ഉൾപ്പെട്ട കാനറ ജില്ലയും കൂടി ചേർന്ന് പുതിയ കേരള സംസ്ഥാനം രൂപീകരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഫസൽ അലി കമ്മീഷൻ തിരുവിതാംകൂറിലെ തിരുവനന്തപുരം, കൊല്ലം, ജില്ലകളിലെ ഏതാനും താലൂക്കുകളും മലബാറിലെ ഗുഡല്ലൂരും ഭാഷയുടെ പേരിൽ അടർത്തിയെടുത്ത് തമിഴ്നാടിൻ്റെ ഭാഗമാക്കിയതോടെ ഐക്യകേരള സ്വപ്നം പൂർണ്ണമായും സഫലമായില്ല. മദ്രാസ് സംസ്ഥാനം പുനഃസംഘടിപ്പിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിലെ വിളവൻകോട്, കൽക്കുളം , തോവാള, അഗസ്തീശ്വരം താലൂക്കുകൾ ചേർത്താണ് പുതിയ കന്യാകുമാരി ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയിലെ ചെങ്കോട്ട താലൂക്ക് തിരുനൽവേലി ജില്ലയുടെ ഭാഗമായി.1956 നവമ്പർ 1 ന് ഐക്യകേരളത്തിൻ്റെ സൂതികർമ്മം നിർവഹിക്കാൻ ഒരു ജനകീയ മന്ത്രിസഭ ഉണ്ടായിരുന്നില്ല. തിരുവിതാംകൂർ മഹാരാജാവിന് അതുവരെയുണ്ടായിരുന്ന രാജപ്രമുഖ സ്ഥാനം ഇല്ലാതായി. മലബാറിലും കൊച്ചിയിലും നാമമാത്രമായ ചില ആഘോഷങ്ങൾ നടന്നെങ്കിലും തലസ്ഥാനമായ തിരുവനന്തപുരത്തെ ജനങ്ങൾക്ക് കന്യാകുമാരിയില്ലാത്ത കേരളത്തെ വരവേൽക്കാൻ താല്പര്യമുണ്ടായിരുന്നില്ല.പരശുരാമൻ അതിരുകൾ കുറിച്ച അഖണ്ഡ കേരളത്തിലെ 80 ശതമാനം ജനങ്ങളും മലയാളം സംസാരിക്കുന്നവരായിരുന്നു. ഒരു കുലത്തിൽ തന്നെയുള്ള ഭാഷയിലെ ചില്ലറ അന്തരങ്ങളാണ് കേരളത്തിൻ്റെ തലയും കാലും വെട്ടി നുറുക്കാൻ കാരണം. പൗരാണിക കേരള സംസ്കൃതിയുടെ പ്രതീകമായിരുന്ന ഗോകർണേശനും കന്യാകുമാരി ദേവിയും എഴുപതുവർഷമായി കേരളത്തിന് പുറത്താണ്.ഗോകർണ്ണം മുതൽ കന്യാകുമാരി വരെ വിഹരിക്കേണ്ട മലയാളികൾ മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ഒരു വേലിക്കെട്ടിനുള്ളിലായെങ്കിലും എഴുപതു വർഷത്തിനുള്ളിൽ പശ്ചിമഘട്ടവും അറബിക്കടലും കടന്ന് പടർന്നു വളരുകയായായിരുന്നു. ഇന്ന് ലോകത്തിൽ മലയാളിയില്ലാത്ത ഒരു രാജ്യവുമില്ല. ജീവിത ഗുണമേന്മ, സമ്പൂർണ്ണ സാക്ഷരത, ആയൂർദൈർഘ്യം, ഭൂപരിഷ്കരണം തുടങ്ങിവയിൽ കേരളം മുന്നിൽ നിൽക്കുന്നു.
























Feedback and suggestions