4, November, 2026
Updated on 4, November, 2026 3
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട നാണംകെട്ട പരാജയം തനിക്കേറ്റ പ്രഹരമല്ലെന്ന വാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. ഇറാന് എതിരായ സൈനിക നടപടികളെ ജനങ്ങൾ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അതിന്റെ ഭാഗമായി പെട്രോൾ വില ഉയർന്നതും താൽക്കാലിക സാമ്പത്തിക ഭാരം ഉണ്ടായതുമാണ് തിരിച്ചടിക്ക് കാരണമായതെന്ന് അദ്ദേഹം ന്യായീകരിച്ചു.
തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാർത്ഥികൾക്കാണെന്നും, താനാണ് നേരിട്ട് ജനവിധി തേടിയിരുന്നതെങ്കിൽ പാർട്ടി വൻ വിജയം നേടുമായിരുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ, തോൽവിയുടെ വ്യാപ്തി അപ്രതീക്ഷിതമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവാദ സ്ഥാനാർത്ഥികൾക്കായി ട്രംപ് നേരിട്ട് പ്രചാരണത്തിനിറങ്ങിയിരുന്നുവെങ്കിലും അവരിൽ ഭൂരിഭാഗവും പരാജയപ്പെട്ടു. ട്രംപിന്റെ തട്ടകങ്ങളായ ടെക്സസ്, സൗത്ത് കരോളിന എന്നിവിടങ്ങളിൽ അദ്ദേഹം പിന്തുണച്ച കെൻ പാക്സ്റ്റൺ, ഡാർലിൻ ഗ്രഹാം എന്നിവർ തോറ്റത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ ആഘാതമായി. നോർത്ത് കരോളിനയിൽ ട്രംപിന്റെ സ്ഥാനാർത്ഥി മൈക്കൽ വാറ്റ്ലി ഡെമോക്രാറ്റ് സ്ഥാനാർത്ഥി റോയ് കൂപ്പറിനോടാണ് അടിയറവ് പറഞ്ഞത്.സെനറ്റിലും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം പിടിച്ചെടുത്തതോടെ ട്രംപിന്റെ ഭരണത്തിന് കടുത്ത തടസ്സങ്ങൾ നേരിടും. പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ തടയാനും കോൺഗ്രസ് സമിതികൾ വഴി അന്വേഷണങ്ങൾ നടത്താനും ഇനി ഡെമോക്രാറ്റുകൾക്ക് സാധിക്കും. എന്നാൽ, തനിക്കെതിരെയുള്ള ഏതൊരു നീക്കത്തിനും മേൽ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.