4, November, 2026
Updated on 4, November, 2026 4
വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഏഴ് സംസ്ഥാനങ്ങളിൽ കൂടി വോട്ടെടുപ്പ് പൂർത്തിയായി. യു.എസ് സമയം വൈകുന്നേരം ഏഴോടെ ഫ്ലോറിഡ, ജോർജിയ, സൗത്ത് കരോലിന, വിർജീനിയ, വെർമോണ്ട്, കെന്റക്കി, ഇൻഡ്യാനയിലെ ചില മേഖലകൾ എന്നിവിടങ്ങളിലെ പോളിംഗാണ് പൂർത്തിയായത്. വോട്ടെടുപ്പ് പൂർത്തിയായതോടെ രാജ്യം വോട്ടെണ്ണൽ നടപടികളിലേക്ക് കടന്നു. അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കാണെന്ന് നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലും സെനറ്റിലും ഏത് പാർട്ടി ഭൂരിപക്ഷം നേടുമെന്നതിലേക്ക് ഉറ്റുനോക്കുകയാണ് ലോകം.അതേസമയം, ഒഹായോയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ബി.സി നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും രാജ്യത്തെ നിലവിലെ ഭരണ സാഹചര്യങ്ങൾക്കും തിരിച്ചടിയാണ്. രാജ്യത്തിന്റെ പോക്കിൽ വലിയൊരു വിഭാഗം വോട്ടർമാരും അതൃപ്തരാണെന്നാണ് റിപ്പോർട്ട്. വോട്ടർമാരിൽ മൂന്നിലൊന്ന് പേർ നിലവിലെ സാഹചര്യങ്ങളിൽ കടുത്ത അമർഷം പ്രകടിപ്പിച്ചപ്പോൾ മറ്റൊരു മൂന്നിലൊന്ന് പേർ അതൃപ്തി രേഖപ്പെടുത്തി.ഒഹായോയിൽ വോട്ട് ചെയ്ത പത്തിൽ ഏഴ് പേരും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മോശമാണെന്ന അഭിപ്രായക്കാരാണ്. ഇതിൽ മൂന്നിലൊന്ന് പേർ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് പകരം തകരുകയാണ് ചെയ്തതെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം ഇരട്ടിയിലധികമായി ഉയർന്നു.ഇന്ധനം, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, വൈദ്യുതി, ആരോഗ്യ പരിരക്ഷ എന്നിവയുടെ അമിത വിലവർധനവാണ് വോട്ടർമാരെ പ്രധാനമായും വലയ്ക്കുന്നത്. ഒഹായോയിൽ വോട്ട് ചെയ്ത പത്തിൽ ആറ് പേരും ഈ അമിത ജീവിതച്ചെലവുകളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.ചുരുക്കത്തിൽ, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവുമാണ് ഇത്തവണത്തെ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നിർണായക വഴിത്തിരിവാകുന്നത്. ഒഹായോയിൽ നിന്നുള്ള പ്രാഥമിക സർവേ ഫലങ്ങൾ രാജ്യത്താകമാനമുള്ള ജനവികാരത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.