7, November, 2026
Updated on 7, November, 2026 12
ഹൈദരാബാദ്: ഹൈദരാബാദിലെ പ്രമുഖ ഹോട്ടലില്‍ അമേരിക്കന്‍ പൗരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയ സ്വദേശിയായ മിച്ചല്‍ ബ്രയാന്‍ ലീ (41) ആണ് ഗച്ചിബൗളിയിലെ എസ്എല്‍എന്‍ ടെര്‍മിനസിലുള്ള മാരിയറ്റ് എക്‌സിക്യൂട്ടീവ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചത്. സംഭവത്തില്‍ ഗച്ചിബൗളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിസിനസ് ആവശ്യത്തിനായി നവംബര്‍ രണ്ടിനാണ് ലീ തന്റെ ബിസിനസ് പങ്കാളിയായ ഡേവിഡിനൊപ്പം ഹൈദരാബാദിലെത്തിയത്. ഇരുവരും ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിലെ 12-ാം നിലയിലുള്ള 1218-ാം നമ്പര്‍ മുറിയിലായിരുന്നു ലീയുടെ താമസം. നവംബര്‍ നാലിന് വൈകുന്നേരം മുതല്‍ ഇയാള്‍ ഫോണ്‍ കോളുകളോട് പ്രതികരിക്കാതായി.തുടര്‍ച്ചയായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വൈകുന്നേരം 6.30ഓടെ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ലീയെ കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍തന്നെ ജീവനക്കാര്‍ 108 ആംബുലന്‍സ് സേവനത്തെ വിവരമറിയിച്ചു.വിവരമറിഞ്ഞ് ഹോട്ടലിലെത്തിയ മെഡിക്കല്‍ സംഘം പരിശോധന നടത്തിയ ശേഷം ലീയുടെ മരണം സ്ഥിരീകരിച്ചു. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗച്ചിബൗളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മരണത്തിന് പിന്നിലെ സാഹചര്യങ്ങള്‍, സംഭവത്തിന് മുമ്പുള്ള ലീയുടെ നീക്കങ്ങള്‍ എന്നിവയും അന്വേഷണവിധേയമാക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്.