7, November, 2026
Updated on 7, November, 2026 12
ഒരു രാഷ്ട്രീയ പാർട്ടിക്കും ഭരണഘടനയ്ക്ക് മുകളിൽ സ്ഥാനമില്ലെന്ന് ശക്തമായ മുന്നറിയിപ്പുമായി സുപ്രീംകോടതി. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കാവുന്ന ഒന്നല്ലെന്നും കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാനോ ദുർബലപ്പെടുത്താനോ ഉള്ള ശ്രമങ്ങൾ ശക്തമായി നേരിടുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പോസ്റ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷ പരാമർശം.
ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുൽ എം. പഞ്ചോളിയും അടങ്ങിയ ബെഞ്ചാണ് കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് നോട്ടീസ് അയച്ചത്. ക്രിമിനൽ കോടതിയലക്ഷ്യമാണോ സിവിൽ കോടതിയലക്ഷ്യമാണോ നടപടിയെടുക്കേണ്ടതെന്ന് പരിശോധിക്കാൻ മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്താറിനെയും ഗൗരവ് അഗർവാളിനെയും അമിക്കസ് ക്യൂറിയായി നിയോഗിക്കാനും കോടതി തീരുമാനിച്ചു. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ സഹായവും തേടിയിട്ടുണ്ട്. കോടതിയുടെ അധികാരത്തിന് രാഷ്ട്രീയ നേതൃത്വത്തിന്റെ അംഗീകാരമോ അനുമതിയോ ആവശ്യമില്ലെന്നും അത് ഭരണഘടനയിലും നിയമവാഴ്ചയിലുമാണ് അധിഷ്ഠിതമെന്നും ബെഞ്ച് വ്യക്തമാക്കി.കോടതി വിധികളെ എത്ര രൂക്ഷമായും വിമർശിക്കാമെങ്കിലും അഭിപ്രായസ്വാതന്ത്ര്യം നീതിനിർവഹണത്തെ ഭീഷണിപ്പെടുത്തുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ ഉള്ള മറയാകരുതെന്ന് കോടതി നിരീക്ഷിച്ചു. ജുഡീഷ്യറിയുടെ സംയമനത്തെ ദൗർബല്യമായി കാണരുതെന്നും ഉത്തരവാദികളായവർ എത്ര ഉന്നത സ്ഥാനത്തുള്ളവരായാലും നീതിനിർവഹണത്തിൽ ഇടപെടൽ തെളിഞ്ഞാൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി. അതേസമയം, വിവാദ പോസ്റ്റ് പ്രസിദ്ധീകരിച്ചതിൽ കെ.പി.സി.സി നിരുപാധികം മാപ്പപേക്ഷിച്ചതായി കോടതിയെ അറിയിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും അത് നീക്കം ചെയ്തെന്നും ഉത്തരവാദിയായ വ്യക്തിക്കെതിരെ നടപടിയെടുത്തെന്നും കെ.പി.സി.സിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. എന്നാൽ മാപ്പപേക്ഷയുടെ ആത്മാർഥതയും കോടതി പരിശോധിക്കുമെന്ന് വ്യക്തമാക്കി.
‘നിയമവും ക്രമസമാധാനവും കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കുക, പകരം കഴിവുള്ളയാളെ ഞങ്ങൾ കണ്ടെത്താം’ എന്നായിരുന്നു ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്തുള്ള വിവാദ പോസ്റ്റിലെ പരാമർശം. ഒക്ടോബർ 12ന് കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ് വ്യാപക വിമർശനത്തെ തുടർന്ന് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ ഹർജിയാണ് ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കുന്നത്. കേസിൽ കെ.പി.സി.സി ഭാരവാഹികൾ വിശദീകരണം നൽകേണ്ടതുണ്ട്. ഡിസംബർ 15നാണ് കേസ് വീണ്ടും പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.